പണിമുടക്ക്: ചിലയിടങ്ങളിൽ അക്രമം; എം.എൽ.എക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: ദ്വിദിന പണിമുടക്കിന്റെ രണ്ടാംദിനത്തിൽ സംസ്ഥാനത്ത് പലയിടത്തും അക്രമം. പണിമുടക്കിൽ പങ്കെടുക്കാതെ മാറി നിന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ തിരുവനന്തപുരത്ത് ആക്രമിച്ചു. പാപ്പനംകോട് ഡിപ്പോക്കുമുന്നിൽ സമരം ചെയ്ത തൊഴിലാളികളാണ് അതുവഴി സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞത്. സമരാനുകൂലികൾ ലുലു മാളിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ജീവനക്കാരെ തടയുകയും ചെയ്തു.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പണിമുടക്കിന്റെ ആദ്യദിനം ലുലു മാള്‍ തുറന്ന് പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് അനുകൂലികള്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പ്രതിഷേധവുമായി എത്തിയത്. കൊല്ലത്ത് കടയ്ക്കൽ ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സ്കൂൾ മുറിയിൽ പൂട്ടിയിട്ടു. കൊല്ലം വള്ളിക്കീഴിൽ അധ്യാപകർക്കുനേരെ അസഭ്യവർഷമുണ്ടായി. പത്തനംതിട്ടയിൽനിന്നുവന്ന കെ.എസ്.ആർ.ടി.സി ബസ് കൊല്ലം ഹൈസ്കൂൾ ജങ്ഷനിൽ സമരാനുകൂലികൾ തടഞ്ഞു. ആലപ്പുഴ കലക്ടറേറ്റിൽ സ്ത്രീകളടക്കമുള്ള 15ൽഅധികം ജീവനക്കാരെ തിരിച്ചയച്ചു. എറണാകുളം നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. പ്രധാന ഡിജിറ്റൽ ഹബ്ബായ പെന്റാ മേനകയിൽ ഭൂരിഭാഗം കടകളും തുറന്നു. കൊച്ചി മെട്രോ സർവിസുകൾ നടത്തി.
കോട്ടയം പൂഞ്ഞാറിൽ ബാങ്കും പെട്രോൾ പമ്പും സമരാനുകൂലികൾ അടപ്പിച്ചു. ചിങ്ങവനത്ത് എസ്.ബി.ഐയുടെ പ്രവര്‍ത്തനം തടഞ്ഞു. മൂന്നാറിൽ പൊലീസും സമരാനുകൂലികളുമായി സംഘര്ഷാമുണ്ടായി. അതിനിടെ അഡ്വ. എ. രാജ എം.എൽ.എക്ക് പരിക്കേറ്റു. എം.എല്‍.എയെ പൊലീസ് കൈയേറ്റം ചെയ്തെന്ന വാർത്ത മൂന്നാര്‍ ടൗണില്‍ ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു.
പാലക്കാട് കാവശ്ശേരി കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. സമരക്കാർ കൈയേറ്റം ചെയ്തെന്നാരോപിച്ച് എട്ട് ജീവനക്കാർ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് അരിക്കോട്ട് കടയുടമകളും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഫറോക്ക് ചുങ്കത്തും വ്യാപാരികൾക്ക് മർദനമേറ്റു. രാമനാട്ടുകരയിൽ മണിക്കൂറുകളോളം സംഘർഷമുണ്ടായി. കുറ്റ്യാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി വായാട്ട് ഗഫൂറിന്റെ സ്റ്റേഷനറിയിലെ ജീവനക്കാരൻ അനുരാഗിനെ (24) അഞ്ചംഗ സംഘം കടയിൽ കയറി മർദിച്ചതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

