കേരള - കർണാടക അതിർത്തികളിൽ തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണം
text_fieldsതലപ്പാടി അതിർത്തിയിൽ ഞായറാഴ്ച രാവിലെ താൽക്കാലികമായി ആരംഭിച്ച പരിശോധന
മഞ്ചേശ്വരം: കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തികളിൽ കർണാടക സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുന്നു. തിങ്കളാഴ്ച രാവിലെ മുതലാണ് കർണാടകയുടെ നിയന്ത്രണം ആരംഭിക്കുക. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി തലപ്പാടി അതിർത്തിയിൽ ഞായറാഴ്ച രാവിലെ മുതൽ ബാരക്കുകളും മറ്റും പുന:സ്ഥാപിച്ചു കഴിഞ്ഞു.
നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ രണ്ട് മാസം മുമ്പാണ് പിൻവലിച്ചിരുന്നത്. ഇവിടെനിന്നും പിൻവലിച്ചിരുന്ന പൊലീസ് പോസ്റ്റും ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ തിങ്കളാഴ്ച തലപ്പാടി അതിർത്തിയിൽ നിയമിച്ച് ഉത്തരവും ഇറക്കി.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ തിങ്കളാഴ്ച രാവിലെ മുതൽ കടത്തി വിടുകയുള്ളൂ. രണ്ട് ഡോസ് വാക്സിൻ എടുത്തവരെ പരിഗണിക്കില്ല. ദൈനം ദിന ആവശ്യത്തിന് പോകുന്നവർ, വിദ്യാർഥികൾ എന്നിവർക്ക് പോലും പ്രത്യേക പരിഗണന ഉണ്ടാവില്ല. എന്നാൽ, രോഗികളെ കടത്തി വിടും.
ഒരാഴ്ച മുമ്പ് തുടങ്ങിയ കെ.എസ്.ആർ.ടി.സി അന്തർസംസ്‌ഥന സർവീസ് തുടരാനാണ് തീരുമാനം. പക്ഷെ, യാത്രക്കാർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും യാത്ര തുടരാൻ അനുവദിക്കുക.
ഞായറാഴ്ച രാവിലെ ഒരു മണിക്കൂർ അതിർത്തിയിൽ യാത്രക്കാരെ തടഞ്ഞിരുന്നു. മുന്നറിയിപ്പ് നൽകാതെയുള്ള നിയന്ത്രണത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കാനാണ് തീരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

