വിദ്യാർഥികളെ മർദിച്ച സംഭവങ്ങളിൽ കടുത്ത നടപടി -മന്ത്രി
text_fieldsതൃശൂർ: കൊല്ലം ചാത്തിനാംകുളം, കോട്ടയം ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ച സംഭവം അത്യന്തം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യു.പി സ്‌കൂളിൽ പരീക്ഷക്കിടെ സംശയം ചോദിച്ചതിന്റെ പേരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചു എന്നത് ന്യായീകരിക്കാനാകാത്ത തെറ്റാണ്. വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വകുപ്പുതല നടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ, എ.ഇ.ഒ എന്നിവർ സംയുക്തമായി സ്‌കൂളിലും, കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കുട്ടിക്ക് തോളെല്ലിന് പരിക്കുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എയ്ഡഡ് വിദ്യാലയമായതിനാൽ, കുറ്റാരോപിതനായ അധ്യാപകനെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കാൻ വിദ്യാലയ മാനേജർക്ക് കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ ഉത്തരവ് നൽകിയിട്ടുണ്ട്. അവധിക്കാലത്ത് നിർബന്ധിത ക്ലാസുകൾ അടിച്ചേൽപിക്കരുതെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

