മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവതിയെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ചതില്‍ കര്‍ശന നടപടി വേണം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മാല മോഷ്ടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരപരാധിയായ ദലിത് യുവതിയെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരം പേരൂര്‍ക്കട സ്റ്റേഷനില്‍ ക്രൂരമായ മാനസിക പീഡനമാണ് ബിന്ദു എന്ന വീട്ടമ്മക്ക് നേരിടേണ്ടി വന്നത്.
പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് മോഷണക്കുറ്റം സമ്മതിപ്പിച്ചെന്നും ബിന്ദു വെളിപ്പെടുത്തിയിട്ടുണ്ട്. പിറ്റേ ദിവസം രാവിലെയോടെ കാണാതായ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും അത് മറച്ചുവച്ച് ഭീഷണിപ്പെടുത്താനാണ് എസ്.ഐ ശ്രമിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വെള്ളം ചോദിച്ചപ്പോള്‍ ബാത്ത് റൂമില്‍ പോയി കുടിക്കാന്‍ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നതും പൊലീസിനെതിരായ ഗുരുതര ആരോപണങ്ങളാണ്. ജോലി കഴിഞ്ഞ് മടങ്ങവേ ബസ്റ്റോപ്പില്‍ നിന്നാണ് ബിന്ദുവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. പൊലീസുകാരുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് ചെയ്യാത്ത കുറ്റം ആ പാവം സ്ത്രീക്ക് ഏറ്റെടുക്കേണ്ടി വന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും ന്യായീകരിക്കാനാകില്ല. നിരപരാധിയായ ഒരു വീട്ടമ്മയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുക്കാന്‍ ഈ പൊലീസുകാര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? ആഭ്യന്തര വകുപ്പില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്തതാണ് ഇത്തരം വഴിവിട്ട നടപടികള്‍ എടുക്കാന്‍ പൊലീസുകാരെയും പ്രേരിപ്പിക്കുന്നത്. അമിത രാഷ്ട്രീയവത്ക്കരണമാണ് പൊലീസ് സേനയെ ഇത്തരം അധഃപതനത്തിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

