ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ കർശന നടപടി
text_fieldsഎ.ഐ നിർമിത ചിത്രം
കോഴിക്കോട്: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഇനി കര്‍ശന നടപടി സ്വീകരിക്കും. അപകടത്തില്‍പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ ഇക്കാര്യം അറിയിച്ച് ആ കുറ്റംകൂടി ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തും.
അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ- ഡാര് സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്താനും ഗതാഗത കമീഷണര്‍ നാഗരാജു ആർ.ടി.ഒമാർക്കും സബ് ആർ.ടി.ഒമാര്‍ക്കും നിർദേശം നല്കി.
1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 146, 196 എന്നിവ പ്രകാരവും കെ.എം.വി.ആര് 391 -എ പ്രകാരവും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്നുമാസം തടവോ 2,000 രൂപ പിഴയോ ലഭിക്കും. ഇന്‍ഷുറന്‍സ് ഇല്ലാതെ അപകടത്തില്‍പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് നേരത്തേ ഹൈകോടതി നിര്‍ദേശവുമുണ്ട്.
‘ടെസ്റ്റിനെത്തുന്നവരോട് മാന്യമായി പെരുമാറണം’; ഗതാഗത കമീഷണറുടെ സർക്കുലർ
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരോട് മാന്യമായി പെരുമാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത കമീഷണറുടെ കര്‍ശന നിര്‍ദേശം. ഡ്യൂട്ടിക്കിടെ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സര്‍വിസ് ചട്ടം ഓര്‍മിപ്പിച്ചാണ് ഗതാഗത കമീഷണർ സി.എച്ച്. നാഗരാജു സര്‍ക്കുലർ ഇറക്കിയത്.
ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. ക്രമക്കേട് കാട്ടുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കും. ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്ന കാര്യം തൃശൂര്‍ ഡി.ഐ.ജി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

