മഴ 24 മണിക്കൂര്‍ കൂടി തുടരും; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി കെ. രാജൻ
text_fieldsതൃശൂർ: സംസ്ഥാനത്ത് കുറച്ച് ദിവസമായി തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാളെ വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ, 12-ാം തീയതിയോടെ ശക്തമാകും. കലക്ടർമാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.
ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്കക്ക് ഇടയില്ല. ചെറുതായി വെള്ളം തുറന്നുവിട്ട് ഡാമുകളിൽ ജലക്രമീകരണം നടത്തുന്നുണ്ട്. ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ല. തെറ്റായ വിവരങ്ങൾ പങ്കുവെക്കരുതെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സജ്ജമാണ്. അപകട സാധ്യതയുള്ള മേഖലകളിലെ മരങ്ങൾ മുറിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ചെത്താൻ നിർദേശം നൽകി. ദേശീയപാത കുതിരാനിൽ റോഡിലെ വിള്ളൽ കാരണം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കലക്ടറുടെ നിർദേശം പാലിച്ചോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മഴ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 91 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. തൃശൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം ഗുരുതരമല്ല. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെയുള്ള തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി രാജൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

