കാൽനട യാത്രികരുടെ സുരക്ഷ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും, 2000 രൂപ പിഴ; സീബ്ര ക്രോസിങ് നിയമലംഘനങ്ങളിൽ കർശന നടപടി
text_fieldsതിരുവനന്തപുരം: സീബ്ര ക്രോസിങ്ങുകളിൽ കാൽനടയാത്രികരുടെ സുരക്ഷ ലംഘിച്ച് വാഹനങ്ങൾ ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. 2000 രൂപ പിഴയും ചുമത്തും. സീബ്ര ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യുന്ന ഡ്രൈവർമാർക്കെതിരെയും കർശന നടപടിയുണ്ടാകും.
സീബ്ര ക്രോസിങ്ങുകളിൽ ഡ്രൈവർമാർ വേഗത കുറക്കാത്തതിനാൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായ സാഹചര്യത്തിലാണിത്. നിയമപ്രകാരം സീബ്ര ലൈനുള്ള ഇടങ്ങളിൽ വേഗത കുറക്കണം. ക്രോസിങ്ങിന്‍റെ അരികിൽ കാൽനടയാത്രക്കാർ നിൽക്കുന്നത് കണ്ടാൽ കുറഞ്ഞത് മൂന്ന് മീറ്റർ അകലെ വാഹനം നിർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു.
സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികൾ സ്വീകരിക്കണമെന്നും ഹൈകോടതി നിർദേശം നൽകിയിരുന്നു. കാൽനടക്കാരെ പരിഗണിക്കുന്ന മികച്ച ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ കർശന നടപടി സ്വീകരിക്കണം. ഡ്രൈവിങ് ലൈസൻസ് നൽകുന്നതിലെ റോഡ് ടെസ്റ്റിൽ ഇതുകൂടി ഉൾപ്പെടുത്തണം. സീബ്ര ക്രോസിങ്ങുകളിൽ പ്രഥമാവകാശം കാൽനടക്കാരനാണെന്ന് ഡ്രൈവർമാരെ ബോധവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഈ വർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുകയായിരുന്ന 218 പേർ വാഹനമിടിച്ച് മരിച്ചെന്ന മാധ്യമ റിപ്പോർട്ടുകളുടെയും ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഈ നിർദേശം.
ഓൺലൈനായി കോടതിയിൽ ഹാജരായിരുന്ന ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി ഐ.ജി കാളിരാജ് മഹേഷ്, ഗതാഗത കമീഷണർ നാഗരാജു, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു എന്നിവരിൽനിന്ന് അഭിപ്രായങ്ങൾ തേടിയിരുന്നു. റോഡപകടങ്ങളിൽ 3000 പേർ മരിച്ചാൽ അതിൽ 850 പേരും സീബ്ര ക്രോസിങ്ങുകളിൽ ഇരയാകുന്നവരാണെന്നും അതിൽ പകുതിയും മുതിർന്ന പൗരന്മാരാണെന്നുമാണ് കാളിരാജ് അറിയിച്ചത്. ശരിയായ നടപ്പാതകളില്ലാത്തതും ഉള്ളവയിൽതന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും മൂലമാണ് കാൽനടക്കാർക്ക് റോഡിൽ ഇറങ്ങേണ്ടിവരുന്നത്. പെലിക്കൻ സിഗ്നൽ സംവിധാനം സ്ഥാപിച്ചും കോഴിക്കോട് നഗരത്തിൽ നടപ്പാക്കി വിജയിച്ച ടേബിൾ ടോപ്പ് സീബ്ര ക്രോസിങ് സ്ഥാപിച്ചും പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനാവുമെന്ന് നാഗരാജു അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് നേരത്തേ ഫയലിൽ സ്വീകരിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും ഡിസംബർ പത്തിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

