ഉദ്യോഗസ്ഥർ വിവരം നൽകിയില്ലെങ്കിൽ കർശന നടപടി –വിവരാവകാശ കമീഷൻ
text_fieldsകോഴിക്കോട്: രണ്ടുദിവസമായി കോഴിക്കോട് ജില്ലയിലെ പരാതികൾ കേട്ടതിൽ 48 എണ്ണത്തിൽ തീർപ്പുണ്ടാക്കിയതായി സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം.
തത്സമയംതന്നെ രേഖകൾ അപേക്ഷകർക്ക് ലഭ്യമാക്കാൻ കഴിഞ്ഞതായി അദ്ദേഹം സിറ്റിങ്ങിനുശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൃത്യസമയത്ത് വിവരം നൽകാത്ത തിരുവമ്പാടി, ഉണ്ണികുളം തുടങ്ങിയ പഞ്ചായത്തുകൾക്ക് വിവരം നൽകാൻ നിർദേശം നൽകി.
ഫയൽ കണ്ടെത്തിയില്ല എന്നായിരുന്നു ഒരു പഞ്ചായത്തിന്റെ മറുപടി. രേഖകൾ റെക്കോഡിൽ സൂക്ഷിക്കണമെന്നത് നിയമമാണെന്നും ഫയൽ കണ്ടെത്തിയില്ല എന്ന നിരുത്തരവാദം അംഗീകരിക്കാനാവില്ലെന്നും കമീഷൻ നിർദേശം നൽകി.
ഇവരോട് അടിയന്തരമായി നൽകാൻ നിർദേശം നൽകി. അലംഭാവത്തിനെതിരെ കർശന നടപടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദേശസുരക്ഷയുമായി ബന്ധപ്പെട്ടതോ കേസന്വേഷണ പരിധിയിലുള്ളതോ ആയവയല്ലാത്ത രേഖകൾ ജനങ്ങൾക്ക് കൊടുക്കാമെന്നാണ് ചട്ടം. എന്നാൽ പല കാരണങ്ങളാൽ, ജനങ്ങൾക്ക് ആവശ്യപ്പെടുന്ന സമയത്ത് കൊടുക്കാത്ത പ്രവണതയുണ്ട്.
സർക്കാർ ഉദ്യോഗസ്ഥൻ സൂക്ഷിച്ച ഫയലിലെ എന്ത് രേഖയും ജനത്തിന് കാണാനും പകർപ്പെടുക്കാനും അവകാശമുണ്ട്. ഇലക്ട്രോണിക്സ് സാമഗ്രികളിലാണെങ്കിലും കോപ്പിയെടുക്കാം. ധനകാര്യ
സ്ഥാപനത്തിന്റെ യോഗ മിനുട്സ് ചോദിച്ചപ്പോൾ അങ്ങനെ യോഗമേ നടന്നില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. എന്നാൽ, യോഗത്തിൽ പങ്കെടുത്തയാൾക്ക് അയച്ചുകൊടുത്ത പകർപ്പ് പരാതിക്കാരൻ ഹാജരാക്കി അതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട സംഭവമുണ്ടായി. പകർപ്പെങ്ങനെ കിട്ടിയെന്നതിലായി പിന്നെ സ്ഥാപനത്തിന്റെ തടസ്സവാദം. ഇത്തരം തടസ്സവാദങ്ങൾ അനുവദിക്കില്ല. ബോധപൂർവം രേഖകൾ നൽകാതിരിക്കുന്ന പ്രവണത രാജ്യ താൽപര്യത്തിനെതിരാണ്. നിയമം ദുരുപയോഗപ്പെടുത്തി ഓഫിസുകളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവരെയും നിയന്ത്രിക്കും. വിവരാവകാശ നിയമം ചോദ്യോത്തര പരിപാടിയല്ലെന്ന് ഇവർ ഓർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

