കോഴിക്കോട്: അമ്മയിൽനിന്ന് കുഞ്ഞിനെ അടർത്തി മാറ്റി കുഞ്ഞിനെ ദത്ത് നൽകിയ സംഭവമാണല്ലോ ഇപ്പോൾ കേരളത്തിൽ സംസാര വിഷയം. കുഞ്ഞിനെ തിരികെയെത്തിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെങ്കിലും അതിന് പിന്നിലെ വിവാദങ്ങൾ ഉടനൊന്നും അവസാനിക്കാൻ ഇടയില്ല. ഇവിടെ ഇതാ വ്യത്യസ്തമാർന്ന ഒരു ദത്തെടുക്കൽ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് മൃഗ സ്നേഹികൾ. തെരുവുനായക്കുഞ്ഞുങ്ങളെ ദത്തെടുത്ത് വീട്ടിൽ ഓമനിച്ചുവളർത്താം എന്നതാണ് പദ്ധതി കൊണ് ഉദ്ദേശിക്കുന്നത്.
തെരുവ് നായ ശല്യം കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒരു പ്രശ്നമായ സമയത്ത് ക്യാമ്പും പുതിയ ആശയവും ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ഭാരവാഹികൾ പറയുന്നത്. കോഴിക്കോട് കോർപറേഷന്‍റെ കീഴിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 'ബൗ..ബൗ..ഫെസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. മൃഗ സ്നേഹികളുടെ സംഘടനകളുടെകൂടി സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുക.
ഈ മാസം 29ന് ടാഗോർ ഹാളിൽ പ്രത്യേക ക്യാമ്പ് നടക്കും. പേവിഷബാധക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്ത രണ്ടുമാസം പ്രായമായ തെരുവുനായക്കുട്ടികളെയാണ് നൽകുക. ആകെ മുപ്പതിലേറെ നായക്കുട്ടികളുണ്ട്. കെയർ, പീപ്പിൾ ഫോർ ആനിമൽ എന്നീ സംഘടനകൾ വഴിയും എ.ബി.സി. സെന്‍ററിൽ നിന്നുള്ളതുമായ നായക്കുഞ്ഞുങ്ങളാണിവ. താത്‌പര്യമുള്ളവർ കോർപ്പറേഷന്‍റെ വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്യണം.
തിരിച്ചറിയൽകാർഡ് സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്. രാവിലെ 11ന് തുടങ്ങുന്ന ക്യാമ്പിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. കോർപ്പറേഷന്‍റെ നേതൃത്വത്തിൽ നേരത്തേതന്നെ തെരുവുനായകളെ ദത്തുനൽകുന്നുണ്ട്. ഇതുവരെ 19 നായക്കുട്ടികളെയാണ് ദത്തു നൽകിയത്. ക്യാമ്പ് രൂപത്തിൽ നടത്തുന്നത് ആദ്യമാണെന്ന് മാത്രം. ദത്തെടുത്തവരെല്ലാം നല്ലരീതിയിൽ നായക്കുട്ടികളെ വളർത്തുന്നുണ്ടെന്ന് കോർപ്പറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരമാണ് ക്യാമ്പ് നടത്തുന്നത്.