വീണ്ടും വിളയാട്ടം; കടിച്ചുകീറാൻ തെരുവ്നായ്ക്കൾ
text_fieldsകോട്ടയം: ഇടവേളക്കുശേഷം ജില്ലയിൽ തെരുവ്നായ് ആക്രമണം വർധിക്കുന്നു. ആഴ്ചകൾക്കുള്ളിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾക്കാണ് ജില്ല സാക്ഷ്യംവഹിച്ചത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ജീവനക്കാരിക്ക് തെരുവ്നായുടെ കടിയേറ്റത് ശനിയാഴ്ച. രാവിലെ എട്ടോടെ ക്ലാസ് മുറി അടിച്ചുവാരുന്നതിനിടെ പിന്നിലെത്തിയ നായ ഇവരുടെ ഇടതുകാലിൽ കടിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കോട്ടയം മൂലേടത്ത് ആറ് വയസ്സുകാരൻ ഉൾപ്പെടെ എട്ടുപേർക്കും നായ്യുടെ കടിയേറ്റു. പൊന്തൻപുഴയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ തെരുവ്നായ്ക്കൾ ആക്രമിച്ചിട്ടും ഏറെ നാളായില്ല. പുലർച്ചെ ബൈക്കിൽ പോകുന്നതിനിടെ യുവാവിന്റെ പിന്നാലെയത്തിയ നായ്ക്കൂട്ടം ഇദ്ദേഹം ധരിച്ചിരുന്ന ജാക്കറ്റിൽ കടിച്ചു. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയും യുവാവിന് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം മാത്രം 5092 പേർക്ക് ജില്ലയിൽ കടിയേറ്റതായാണ് കണക്ക്. കഴിഞ്ഞ മാസം 430 പേർക്കുനേരെയായിരുന്നു ആക്രമം. തിങ്കളാഴ്ച 13 പേരെയും ഞായറാഴ്ച ഏട്ടുപേരെയും നായ്ക്കൂട്ടം ആക്രമിച്ചു. ജില്ലയിലെ പ്രധാന നഗരങ്ങളിലും റോഡുകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. കോട്ടയം നഗരത്തിലെ കോടിമത, ഗുഡ്ഷെപ്പേർഡ് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചന്തക്കടവ് എം.എൽ റോഡ്, ടി.ബി റോഡ് എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ വിഹരിക്കുകയാണ്. കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ രാത്രികാലങ്ങളിൽ നിരവധി നായ്ക്കളാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. ഇവ പരസ്പരം കടികൂടുന്നതും പതിവാണ്.
പ്രഭാതസവാരി നടത്തുന്നവർ, വ്യാപാരികൾ, പത്രവിതരണക്കാർ, വിദ്യാർഥികൾ എന്നിവരെല്ലാം ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ഇരുചക്രവാഹന യാത്രികർക്കുനേരെയും ഇവ ആക്രമണം നടത്താറുണ്ട്. വളർത്തുമൃഗങ്ങളെയും കോഴികളേയും ഇവ അക്രമിക്കുന്നതായുള്ള പരാതികളും വ്യാപകമാണ്.
പേവിഷബാധക്ക് കാരണം കുറുനരികളെന്ന് സംശയം
കോട്ടയം: തെരുവ്നായ് ആക്രമണങ്ങൾക്ക് പിന്നാലെ പേവിഷ ബാധ ആശങ്കകളും പടരുന്നത് പതിവാണ്. കഴിഞ്ഞദിവസം മൂലേടത്ത് എട്ടുപേരെ കടിച്ച നായ് അടുത്തദിവസം ചത്തിരുന്നു. ഇതോടെ കടിയേറ്റവരെല്ലാം പരിഭ്രാന്തരായിരുന്നു. മാസങ്ങൾക്ക് മുമ്പ് തലയോലപ്പറമ്പിൽ അക്രമകാരിയായ നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനുതൊട്ടുമുമ്പ് വൈക്കത്തും രോഗം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിരവധി തെരുവ്നായ്ക്കൾക്കാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ പേ വിഷബാധ സ്ഥിരീകരിച്ചത്.
ഇത്തരം സംഭവങ്ങളിൽ വില്ലൻ കുറുനരികളെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ സംശയം. കുറുനരികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലായതിനാല്‍ പേ ബാധിച്ചാലും മരിക്കില്ല. ഇങ്ങനെയുള്ളവ പേ വിഷത്തിന്റെ വാഹകരാകുകയാണെന്ന് അധികൃതർ പറയുന്നു. നായ്ക്കളെയും മറ്റു മൃഗങ്ങളെയും ഇവ കടിക്കുമ്പോള്‍ അവയിലേക്കും രോഗം പടരും. നഗരങ്ങളിലടക്കം മാലിന്യം കൂന്നുകൂടുന്ന സ്ഥിതിയായതിനാൽ വൻതോതിൽ കുറുനരികൾ നാട്ടിലേക്ക് എത്തുകയാണെന്ന് മൃഗസംരക്ഷണവകുപ്പ് പറയുന്നു. ഇവ തെരുവ്നായ്ക്കളുമായി കടിപിടി കൂടുകയും ഇതിലൂടെ പേ നായ്ക്കളിലേക്ക് പടരുകയുമാണ്. മാലിന്യസംസ്കരണത്തിന് കൃത്യമായ മാർഗം സ്വീകരിച്ചാൽ മാത്രമേ ഇതിനുപരിഹാരം കാണാനാകൂകയുള്ളുവെന്നും ഇവർ പറയുന്നു.
വാഴൂരിൽ കുറുനരിയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച പശുവിനെയും കിടാവിനെയും മൃഗസംരക്ഷണ വകുപ്പ് അധികൃതർ കഴിഞ്ഞദിവസം കുത്തിവച്ച് കൊന്നിരുന്നു. രാത്രിയിലായിരുന്നു പശുവിനും കിടാവിനും കടിയേറ്റത്. രാത്രി ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ കുറുക്കനെ കണ്ടിരുന്നു. അടുത്തദിവസം കിടാവും പശുവും കുഴഞ്ഞുവീണു. വായിൽനിന്നു നുരയും പതയും വന്നതോടെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധയ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

