തെരുവുനായ്ക്കളുമായി പ്രകടനം: ചിറ്റിലപ്പിള്ളിക്കും ജോസ് മാവേലിക്കുമെതിരായ കേസ് റദ്ദാക്കി
text_fieldsകൊച്ചി: നാട്ടുകാർ പിടികൂടിയ തെരുവുനായ്ക്കളുമായി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയെന്ന പേരിൽ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി എന്നിവരടക്കം നാലുപേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. തെരുവുനായ്ക്കളിൽനിന്ന് നിഷ്കളങ്കരായ മനുഷ്യരെ രക്ഷിക്കാൻ നടത്തിയ നടപടികളുടെ ഭാഗമാണ് കേസിനാസ്പദമായ സംഭവമെന്നും മൃഗങ്ങളോടുള്ള ക്രൂരകൃത്യം ലക്ഷ്യമിട്ടില്ലെന്നും വ്യക്തമാക്കിയാണ് സ്ട്രേ ഡോഗ് ഫ്രീ മൂവ്മെൻറ് ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി, ഡോ. േജാർജ് സ്ലീബ, ബെൻറ്ലി താടിക്കാരൻ എന്നിവർക്കെതിരായ കേസുകൾ സിംഗിൾബെഞ്ച് റദ്ദാക്കിയത്.
ഹരജിക്കാർ 2015 ഒക്ടോബർ 18നാണ് തെരുവുനായ്ക്കളുമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. സൊസൈറ്റി ഫോർ പ്രിവൻഷൻ ഒാഫ് ക്രുവൽറ്റി ടു അനിമൽസ് വിഭാഗം ഇൻസ്പെക്ടറായ സജിത് നൽകിയ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. കേസ് നിലനിൽക്കുന്നതല്ലെന്നും വിവിധ വകുപ്പുകൾ ദുരുപയോഗം ചെയ്താണ് തങ്ങളെ കേസിൽ പെടുത്തിയതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
തെരുവുനായ്ക്കളേക്കാൾ മൂല്യം മനുഷ്യജീവനുതന്നെയാണെന്ന് ഹരജി തീർപ്പാക്കി കോടതി വ്യക്തമാക്കി.
തെരുവുനായ് ശല്യം സംസ്ഥാനത്ത് അതിരൂക്ഷമായ വിധം വർധിച്ചു വരുകയാണ്. ഒേട്ടറെ പേർ ഇൗ വിപത്തിന് ഇരകളായിട്ടുണ്ട്. വീടിനകത്ത് കയറി കുഞ്ഞുങ്ങളെ വരെ തെരുവുനായ്ക്കൾ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ അധികൃതരിൽനിന്ന് ഉണ്ടാകാതെ വന്നതോടെ തെരുവുനായ് ശല്യം നേരിടാനും നിരപരാധികളായ മനുഷ്യരെ അവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താനുമായി ജനങ്ങൾ തന്നെ രംഗത്തിറങ്ങുകയായിരുന്നു.
മനുഷ്യനെ സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഹരജിക്കാർക്ക് ഉണ്ടായിരുന്നതെന്നും നായ്ക്കളോട് ക്രൂരത കാട്ടാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് മനസ്സിലാവുന്നത്. അതിനാൽ, ഇവർക്കെതിരായ േകസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി െകാച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹരജിക്കാർക്കെതിരെ നിലവിലുള്ള കേസുകൾ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
