ഒറ്റപ്പാലം: വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനെതിരെ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിറ്റിസൺ ഫോറം (കേരള) താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൂട്ടത്തോടെ പാഞ്ഞടുക്കുന്ന നായ്ക്കൾ ഇരുചക്രവാഹങ്ങൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഭീഷണിയാണ്.
തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ 18.10 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് സിരിജഗൻ സമിതി ഒറ്റപ്പാലം നഗരസഭയോട് നിർദേശിച്ചിട്ട് അധിക കാലമായിട്ടില്ല. ഇതുസംബന്ധിച്ച് നഗരസഭക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് വി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഭാസ്കരൻ പാലത്തോൾ, എം.പി. മണികണ്ഠൻ, ഇ. സനോജ്കുമാർ, ഉസ്മാൻ കരണംകോട് എന്നിവർ സംസാരിച്ചു.