വെളിയങ്കോട്: വെളിയങ്കോട് ബീവിപ്പടിയിൽ തെരുവുനായ്ക്കളുടെ അക്രമത്തിൽ മൂന്ന് ആടുകൾ ചത്തു. വെളിയങ്കോട് ബീവിപ്പടി കിഴക്ക് മരക്കാരുങ്ങൽ പള്ളിയുടെ പിറക് വശത്തെ ഒസ്സാരു വീട്ടിൽ ഒ.വി. ഷക്കീറിെൻറ വീട്ടിലെ ആടുകളാണ് ആക്രമണത്തിനിരയായത്. രണ്ട് കൂടുകളിലായി ഉണ്ടായിരുന്ന നാല് ആടുകളിൽ മൂന്നെണ്ണത്തെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഒരു ആടിനെ പൂർണമായും കൊന്ന് തിന്നുകയും രണ്ടെണ്ണത്തിനെ അക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു ആടിനെ കാണാതായിട്ടുമുണ്ട്. ബലികർമത്തിനായി വളർത്തിയിരുന്ന ആടുകളെയാണ് കൊന്നത്. നായ്ക്കളുടെ കാൽപാടിനൊപ്പം ആഴത്തിലുള്ള മറ്റൊരു കാൽപാടും കണ്ടെത്തിയതിനാൽ മറ്റു ജീവിയും ഉണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ.
പ്രദേശത്ത് മാസങ്ങളായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. ആഴ്ചകൾക്ക് മുമ്പ് വട്ടപ്പറമ്പിൽ മൊയ്തുണ്ണിയുടെ പൂർണഗർഭിണിയായ ആടിനെയടക്കം രണ്ട് ആടുകളെയും തെരുവുനായ് കൂട്ടം കൊന്നിരുന്നു. തെരുവുനായ്ക്കൾ കൂട്ടമായി വന്ന് കൂട് പൊളിച്ചാണ് ആടുകളെ ആക്രമിച്ചത്. തെരുവുനായ് ശല്യത്തിനെതിരെ അധികാരികൾ നടപടികൾ കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.