നിലമ്പൂരിൽ തെരുവ് നായ് ആക്രമണം: 12 പേർക്ക് കടിയേറ്റു
text_fieldsനിലമ്പൂർ വീട്ടിക്കുത്ത് റോഡിൽ തെരുവ് നായ നാട്ടുകാരെ ആക്രമിക്കുന്നു
നിലമ്പൂർ: നിലമ്പൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായുടെ ആക്രമണം. വിദ‍്യാർഥികളും സ്ത്രീകളും ഉൾപ്പടെ 12 പേർക്ക് കടിയേറ്റു.നിലമ്പൂർ കോവിലകത്തുമുറി യു.ടി.രാമചന്ദ്രൻ (63), വീട്ടിക്കുത്ത് മംഗള ഭവൻ കൃഷ്ണൻ (52), പെരിന്തൽമണ്ണ ജൂബിലി റോഡിലെ കോട്ടുങ്ങൽ ഇസ്മായിൽ (64), ചന്തക്കുന്ന് വെള്ളിയംപാടം ശ്രീനിവാസൻ (52), കല്ലേമ്പാടം പടിക്കൽ പുത്തൻവീട് പ്രിൻസ് (10), പള്ളിക്കുന്നത്ത് സ്വദേശി ജെസി രാജു (49), ബംഗാൾ സ്വദേശി സൗരവ് വിശ്വാസ് (5), വടക്കുംമ്പാടം കൊല്ലംവീട്ടിൽ അഖിൽ (19), ചന്തക്കുന്ന് ചോവാലി കുഴിയിൽ മനു (32), വല്ലപ്പുഴ മൂരിക്കൽ നൂർജഹാൻ(38), പുൽവെട്ട പൂങ്ങോട് വർഷ (38), ഊർങ്ങാട്ടിരി കണ്ണംതൊടിക നൗഷാദ് (43) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
ഇവരെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ‍്യോതിപടി, വീട്ടിക്കുത്ത്, എൽ.ഐ.സി റോഡ് എന്നിവിടങ്ങളിലാണ് തെരുവ് നായ് ഭീതി പരത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ജ‍്യോതിപടിയിൽ വിദ‍്യാർഥിക്ക് ആദ‍്യം കടിയേറ്റത്. പിന്നീട് കാണാതായ നായ് മൂന്ന് മണിയോടെ എൽ.ഐ.സി റോഡിലൂടെ ഓടി കണ്ണിൽകണ്ടവരെയെല്ലാം കടിക്കുകയായിരുന്നു.
കാൽനടക്കാരായ സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് കടിയേറ്റു. നാലു മണിക്കൂറോളം നായ് തെരുവിൽ ഭീതി പരത്തി. നായക്ക് വേണ്ടി എമർജൻസി റെസ്ക‍്യൂ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയിലും ചിലർക്ക് കടിയേറ്റു. ആളുകളെ ഓടി വന്ന് കടിക്കുന്ന ചിത്രങ്ങൾ ടൗണിലെ സി.സി.ടി.വി കാമറകളിലുണ്ട്. നായെ പിടികൂടാനുള്ള ശ്രമം നാട്ടുകാരും ഇ.ആർ.എഫും രാത്രിയും തുടരുകയാണ്. മാസങ്ങളായി നിലമ്പൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ്‌നായ് ശല്യം രൂക്ഷമാണ്.