തെരുവുനായ് ആക്രമണം: ദുരന്ത നിവാരണ ഫണ്ട് ഉപയോഗപ്പെടുത്താൻ ആകുമോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: തെരുവുനായ് ആക്രമണത്തെ സംസ്ഥാന ദുരന്തത്തിൽ ഉൾപ്പെടുത്തി ഇരയായവർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്ന് നഷ്ടപരിഹാരം നൽകാനാവുമോയെന്ന് ഹൈകോടതി. 9000ത്തിലേറെ അപേക്ഷകളാണ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ളത്. ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ ഫണ്ട് ഇതിന് വിനിയോഗിക്കാനാകുമോയെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വാക്കാൽ ആരാഞ്ഞത്. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് നിയമ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനി കീർത്തന സരിൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മേയ് 31ന് ഹരജിക്കാരിക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പരാതി നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണമടക്കം നടപടികൾക്ക് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ നഷ്ടപരിഹാര ആവശ്യം പരിഗണിച്ചിരുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് എടുത്തതെന്ന് തിങ്കളാഴ്ച ഹരജി പരിഗണിക്കവേ സർക്കാറിനോട് കോടതി വാക്കാൽ ചോദിച്ചു. സർക്കാർ തീരുമാനമെടുക്കാൻ വൈകിയാൽ കമ്മിറ്റി തുടരാൻ ഉത്തരവിടേണ്ടിവരുമെന്നും കോടതി പറഞ്ഞു. തുടർന്നാണ് സംസ്ഥാന ദുരന്തത്തിൽ ഉൾപ്പെടുത്തുന്നതടക്കം സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

