അത്യാവശ്യമുള്ളവർക്ക് അഞ്ചാം തീയതി ആദ്യ ഗഡു തരാം; ശമ്പള കാര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിചിത്ര ഉത്തരവ്
text_fieldsകൊച്ചി: ശമ്പള വിതരണത്തിൽ പുതിയ ഉത്തരവുമായി കെ.എസ്.ആർ.ടി.സി. അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ടവർക്ക് കെ.എസ്.ആർ.ടി.സി ഫണ്ടിൽ നിന്ന് ആദ്യ ഗഡു നൽകും. ബാക്കി തുക സർക്കാർ സഹായം ലഭിച്ച ശേഷം നൽകാനാണ് തീരുമാനം.
കഴിഞ്ഞ മാസത്തെ ശമ്പള വിതരണം തന്നെ വലിയ പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചത്. സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടിട്ടും 30 കോടി മാത്രമാണ് ലഭിച്ചതെന്നും ഇതുകൊണ്ട് തന്നെ പല ശ്രോതസ്സുകളിൽ നിന്നായി പണമെടുക്കേണ്ടി വന്നുവെന്നും കെ.എസ്.ആർ.ടി.സി കോടതിയിൽ വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിൽ ജീവനക്കാർക്കുള്ള മനോവിഷമം മനസ്സിലാക്കിയാണ് പുതിയ നടപടിയെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.
കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ള തുകയും ഓവർ ഡ്രാഫ്റ്റും ചേർത്താണ് ആദ്യ ഗഡു നൽകുക. സർക്കാർ സഹായം എപ്പോൾ ലഭിക്കുന്നുവോ അപ്പോൾ അടുത്ത ഗഡുവും നൽകും. അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ട, മുഴുവനായി മതി എന്നുള്ളവർക്ക് അങ്ങനെ നൽകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശമ്പളം ആവശ്യമുള്ളവർ സമ്മതപത്രം നൽകേണ്ടി വരും.
അതേസമയം വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകണമെന്നും ബാക്കി തുക മുൻഗണന അനുസരിച്ച് നൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

