കണ്ടോന്താർ പ്രാദേശിക ചരിത്ര മൂസിയം; ഇവിടെയുണ്ട്, ഗതകാല സ്മൃതിക്കൊരു സാക്ഷ്യപത്രം
text_fieldsകടന്നപ്പള്ളി കണ്ടോന്താറിൽ തുറന്ന പ്രാദേശിക ചരിത്ര മ്യൂസിയം
പയ്യന്നൂർ: കയറിച്ചെല്ലുമ്പോൾ സ്ക്രീനിൽ തെളിയും ഒരു നാട് താണ്ടിയ സഹനപാതകൾ. ഒപ്പം നാടിെൻറ പാരതന്ത്ര്യത്തിൽനിന്ന് സ്വാതന്ത്ര്യത്തിെൻറ വെളിച്ചത്തിലേക്കുള്ള പ്രയാണപാതയിൽ ഉരുകിയില്ലാതായവരുടെ ജീവിതകഥ, ഇന്നലെകളുടെ തൊഴിലിടങ്ങൾ... ഇത് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കണ്ടോന്താറിൽ യാഥാർഥ്യമായ പ്രാദേശിക ചരിത്ര മ്യൂസിയം. കേരളത്തിലെതന്നെ ആദ്യ പ്രാദേശിക ചരിത്ര മ്യൂസിയ സജ്ജീകരണമാണ് കണ്ടോന്താറിൽ പൂർത്തിയായത്. സുരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച പഴയ ജയിലിനോട് ചേർന്ന് പുതുതായി നിർമിച്ച കെട്ടിടത്തിലാണ് മ്യൂസിയം സജ്ജീകരിച്ചത്.
സ്വാതന്ത്ര്യസമര സേനാനികളെയും തുടർന്ന് കമ്യൂണിസ്റ്റ് കർഷക പോരാളികളെയും അറസ്റ്റ് ചെയ്ത് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചിരുന്നത്. എന്നാൽ, മൂന്ന് പുഴ കടന്ന് അത്രയും ദൂരം എത്തിക്കുക എളുപ്പമല്ല. അതുകൊണ്ട് പോരാളികളെ പാർപ്പിക്കാനുള്ള ഇടത്താവളമായാണ് ബ്രിട്ടീഷ് സർക്കാർ കണ്ടോന്താറിൽ ജയിൽ സ്ഥാപിച്ചത്. നിരവധി പോരാളികളെയാണ് ഇവിടത്തെ ലോക്കപ്പിൽ അടച്ചിട്ടത്. നാട്ടുകാരനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ടോന്താറിലെ പഴയ ജയിൽ പുരാവസ്തു വകുപ്പിെൻറ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും തുടർന്ന് അവിടെ ഒരു പ്രാദേശിക ചരിത്ര മ്യൂസിയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ യാഥാർഥ്യമായത്.
20 ലക്ഷം രൂപ ചെലവിൽ ജയിൽ കെട്ടിടത്തിെൻറ സംരക്ഷണവും 17.18 ലക്ഷം രൂപ ചെലവിൽ മ്യൂസിയം കെട്ടിട നിർമാണവും പൂർത്തിയാക്കി. 30 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് മൂസിയത്തിന് നൽകിയത്. മൊത്തം 66.34 ലക്ഷം രൂപ. പ്രാദേശിക ചരിത്രം പലപ്പോഴും വേണ്ടവിധം രേഖപ്പെടുത്താതെ പോവുന്നതിനുള്ള പരിഹാരമായാണ് പുരാവസ്തു വകുപ്പ് ജില്ല പൈതൃക മ്യൂസിയങ്ങളും പ്രാദേശിക ചരിത്ര മ്യൂസിയങ്ങളും സജ്ജീകരിച്ചത്. വകുപ്പിന് കീഴിൽ ആദ്യത്തെ പ്രാദേശിക ചരിത്ര മ്യൂസിയമാണ് കണ്ടോന്താറിൽ സ്ഥാപിതമായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കഴിഞ്ഞ 22ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് മ്യൂസിയം നാടിന് സമർപ്പിച്ചത്.
നാടിെൻറ കാർഷിക ചരിത്രം മലയാളത്തിലെ ആദ്യ ചെറുകഥ സമ്മാനിച്ച കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ജീവിതം, കടന്നപ്പള്ളിയിലെ പ്രമുഖ ജനനേതാക്കളുടെ ലഘു ജീവചരിത്രം, കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ ശിലാലിഖിതം തുടങ്ങി നാടിെൻറ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി സന്ദർഭങ്ങളും മറ്റും മ്യൂസിയത്തിലുണ്ട്. ഒപ്പം പഴയ രീതിയിൽ പുനർജനിച്ച ജയിലറയും കാണാം. ചരിത്രരേഖകൾ അടങ്ങിയ പുസ്തകവും തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

