വയനാട് ടു ബംഗളൂരു...ഓമനപ്പൂച്ചക്കായുള്ള സ്നേഹദൂരം
text_fieldsകൽപറ്റ: ഒരു ഓമനപ്പൂച്ചയുടെയും അതിന്റെ ഉടമസ്ഥരുടെയും സ്നേഹവായ്പിന്റെ കഥയാണിത്. വയനാട്ടിലെ സുൽത്താൻ ബത്തേരിക്കടുത്ത കൊളഗപ്പാറയിലാണ് സംഭവം. ഡിസംബറിലെ കുളിരും പച്ചപ്പും ആസ്വദിക്കാൻ വയനാട്ടിലേക്ക് വന്നതായിരുന്നു ബംഗളൂരു സ്വദേശി ആബിദും ഭാര്യ ഫർഹീനും. ചെന്നൈയിലെ ഐ.ടി കമ്പനി ജീവനക്കാരാണ് ഇരുവരും. ഒപ്പം ബെൻ എന്ന ഇവരുടെ ഓമനപ്പൂച്ചയുമുണ്ടായിരുന്നു. നഗരത്തിലെ ഫ്ലാറ്റിൽ കുട്ടിക്കുറുമ്പുമായി കലപില കൂട്ടുന്ന ബെന്നിന് ഒമ്പത് മാസമായിരുന്നു പ്രായം.
ഡിസംബർ 31നാണ് ഇവർ കൽപറ്റയിലെ റിസോർട്ടിൽ മുറി ബുക്ക് ചെയ്തത്. എന്നാൽ, അന്ന് യാത്രക്കിടെ കൊളഗപ്പാറ യു.പി സ്കൂളിന് സമീപം ഇവരുടെ കാറും എതിരെ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തിനിടെ കാറിന്റെ പിറകിലെ സീറ്റിലുണ്ടായിരുന്ന പൂച്ച തെറിച്ചുപോയി. ഫർഹീൻ പുറകെ ഓടിയെങ്കിലും അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ബെൻ ഓടി മറഞ്ഞിരുന്നു. അപകടത്തിന്റെ ആധി വിട്ടപ്പോൾ നാട്ടുകാരുടെ സഹായത്തോടെ എല്ലായിടത്തും അവർ ബെന്നിനെ തിരഞ്ഞു. ഫലമുണ്ടായില്ല.
സാധാരണ ഇനത്തിൽപെട്ടവനാണെങ്കിലും തങ്ങളുടെ ഭാഗ്യപ്പൂച്ചയാണ് അവനെന്നും അവനില്ലാതെ തിരിച്ചുപോകില്ലെന്നുമായി കുടുംബം. അങ്ങനെ ഒരാഴ്ചയോളം സമീപത്തെ ഹോം സ്റ്റേയിൽ താമസിച്ച് ഇവർ എല്ലായിടവും അരിച്ചുപെറുക്കി.
അനിമൽ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിലും വ്യാപക തിരച്ചിൽ നടത്തി. ഓട്ടോമാറ്റിക് കൂടുകൾ പലയിടങ്ങളിൽ സ്ഥാപിച്ച് ബെന്നിന് ഇഷ്ടമുള്ള ഭക്ഷണവും വെച്ചു. എന്നാൽ, ബെൻ അതുവഴി വന്നതേയില്ല.
ഇതോടെ മനസ്സില്ലാ മനസ്സോടെ ആബിദും കുടുംബവും ബംഗളൂരുവിലേക്ക് തിരിച്ചുപോയി. തങ്ങളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും നാട്ടുകാർക്കും സമീപത്തെ വീട്ടുകാർക്കും നൽകിയിരുന്നു.
ഇതിനിടെയാണ് കൊളഗപ്പാറ ജ്യോതി ലബോറട്ടറീസ് കമ്പനിക്ക് സമീപത്തെ ഒരു വീട്ടമ്മ കുറ്റിക്കാട്ടിൽനിന്ന് സ്ഥിരമായി ഒരു പൂച്ച പുറത്തുവരുന്നത് ശ്രദ്ധിച്ചത്.വെള്ളിയാഴ്ച വൈകുന്നേരത്തോടെ തഞ്ചത്തിൽ പൂച്ചയെ കൂട്ടിൽ കയറ്റി കെണിയിലാക്കി. ഉടൻതന്നെ ആബിദിനെ വിളിച്ചു. അവർ ഉടൻതന്നെ വയനാട്ടിലേക്ക് പുറപ്പെട്ട് അർധരാത്രി കൊളഗപ്പാറയിലെത്തി.
ഉടമസ്ഥരെ കണ്ടതും ബെൻ തൊട്ടുരുമ്മി നിന്നു. ഫർഹീനും ആബിദും സന്തോഷത്താൽ കണ്ണീരൊഴുക്കി. മടങ്ങുമ്പോൾ നേരത്തേ വാഗ്ദാനം ചെയ്ത പാരിതോഷികം ആ വീട്ടമ്മക്ക് നൽകാനും അവർ മറന്നില്ല. അരലക്ഷം രൂപ സമ്മാനമായി കിട്ടിയതിനപ്പുറം ആ കുടുംബത്തിന്റെ സന്തോഷമാണ് ആ വയനാട്ടുകാരിയുടെ മനം നിറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.