ചെങ്കൊടി, ചെങ്കൊടി, ചെങ്കൊടി മാത്രം...
text_fieldsകോട്ടയം വേളൂർ കല്ലുപുരയ്ക്കൽ ജങ്ഷനിലെ തയ്യൽക്കടയിൽ കെ.കെ. തങ്കൻ
കോട്ടയം: തങ്കെൻറ മനസ്സുപോലെയാണ് കടയും; ഉള്ളിൽ നിറയെ ചുവപ്പ്. തെരഞ്ഞെടുപ്പ് എത്തിയാൽ മറ്റ് നിറങ്ങളെല്ലാം ചെങ്കൊടിക്ക് വഴിമാറുന്നതാണ് കോട്ടയം വേളൂർ കല്ലുപുരയ്ക്കൽ ജങ്ഷനിലെ തയ്യൽക്കടയിലെ പതിവ്. ഇത്തവണയും വേളൂർ കളപ്പുരയിൽ കെ.കെ. തങ്കെൻറ പതിവുരീതികൾക്ക് മാറ്റമില്ല. ചുവപ്പിൽ അരിവാൾ ചുറ്റിക തുന്നിച്ചേർക്കുന്ന തിരക്കിലാണ് 83െൻറ 'ക്ഷീണ'ത്തിനിടയിലും തങ്കൻ.
ഇതുകേട്ട് ഒരു പതാക തയ്പ്പിക്കാമെന്ന് കരുതി ഓടിച്ചെന്നാൽ നടക്കില്ല. പാർട്ടി പതാക മാത്രമേ തയ്ച്ച് നൽകൂ. അത് ഒരുപൈസ പോലും വാങ്ങാതെ. സഹോദരനിൽനിന്ന് 12ാം വയസ്സിൽ തങ്കൻ തയ്യൽ പഠിച്ചെടുത്തു. എട്ടുവർഷം കഴിഞ്ഞപ്പോൾ വേളൂരിൽ സ്വന്തമായി കടയിട്ടു. പിന്നീട് ഇന്നുവരെ തയ്ച്ചിട്ടുള്ള പതാക പാർട്ടിയുടേത് മാത്രം. മറ്റ് പാർട്ടിക്കാർ എത്തിയാൽ തിരിച്ചയക്കുകയാണ് പതിവ്. എന്നാൽ, മറ്റ് വസ്ത്രങ്ങളുടെ കാര്യത്തിൽ ഈ നിബന്ധനയില്ല. ''ഈ ചെങ്കൊടിയാണ് എെൻറ ശ്വാസം.
ശ്വാസം പോകുംവരെ ഇത് ഒപ്പമുണ്ടാകും. ഇനിയിപ്പോൾ സ്വർണക്കട്ട തന്നാലും മറ്റ് പാർട്ടിയുടെ കൊടി തയ്ക്കില്ല.'' -ചുവപ്പ് തുണികളുടെ മധ്യത്തിലിരുന്ന് തങ്കൻ പറയുന്നു.
പാർട്ടിസ്നേഹം കണ്ട് പണ്ടൊരിക്കൽ സി.പി.എം തദേശ തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചെങ്കിലും സ്നേഹപൂർവം നിരസിച്ചിരുന്നു.