കാഞ്ഞങ്ങാട് ട്രെയിനിന് കല്ലേറ്; യാത്രക്കാരന് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് തലക്ക് ഗുരുതര പരിക്ക്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുപോയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനു നേരെ പുലർച്ചെ 12.55നാണ് കല്ലേറുണ്ടായത്.
കൊല്ലം സ്വദേശി മുരളിക്കാണ് (62) പരിക്കേറ്റത്. ഇദ്ദേഹത്തെ നീലേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ഏഴ് തുന്നലുകളുണ്ട്.
ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ മറ്റ് യാത്രക്കാരുൾപ്പെടെ ചേർന്ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടിരുന്നു.
ഇതിൽ പ്രകോപിതനായി, ട്രെയിനിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ കല്ലെറിയുകയായിരുന്നു. പിറകുവശത്തെ ജനറൽ കമ്പാർട്മെന്റിലെ യാത്രക്കാരനായിരുന്നു മുരളി.

