തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സുഗമമായി നടത്താൻ നടപടി സ്വീകരിക്കണം -ഹൈകോടതി
text_fieldsഹൈകോടതി
കൊച്ചി: സംസ്ഥാനത്ത് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് സുഗമമായി നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും ഹൈകോടതി നിർദേശം. പ്രശ്ന ബാധിത ബൂത്തുകൾക്കായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർദേശം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെൻസിറ്റീവ് ബൂത്തുകളെന്ന് വിലയിരുത്തിയ ഇടങ്ങളിൽ തത്സമയ ലൈവ് വെബ്കാസ്റ്റിങിനും അധിക പൊലീസുകാരെ വിന്യസിക്കുന്നതിനും നടപടിയെടുക്കണം.
പോളിങ് ബൂത്തുകളിൽ വിഡിയോഗ്രഫി വേണമെന്ന് കരുതുന്നവർ മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അപേക്ഷ നൽകണം. അപേക്ഷകരുടെ ചെലവിൽ വിഡിയോഗ്രഫിക്ക് അനുമതി നൽകാം. നിലവിൽ നൽകിയ അപേക്ഷകളും പരിഗണിക്കണം. ഭീഷണി ഭയക്കുന്ന സ്ഥാനാർഥികളും ഏജന്റുമാരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്ക് നൽകുന്ന അപേക്ഷകളിൽ നിയമ പ്രകാരം നടപടിയെടുക്കണം.
ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽ അധിക പൊലീസ് സേനയെ വിന്യസിക്കാൻ സ്ഥാനാർഥികൾക്കൊ ഏജന്റുമാർക്കൊ അപേക്ഷിക്കാം. യഥാർഥ അവസ്ഥ ബോധ്യപ്പെട്ട് നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പിൽ ബൂത്ത് പിടിത്തം അടക്കം അതിക്രമങ്ങൾക്ക് സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി നൽകിയ ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

