ഒരു കിലോയിലേറെ സ്വർണം കവർന്ന കേസ്: രണ്ടുപേർകൂടി പിടിയിൽ
text_fieldsഷൈസിത്ത്, നിജീഷ്
കോഴിക്കോട്: ഒരുകിലോയിലേറെ സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികൾകൂടി പിടിയിലായി. മാളിക്കടവ് മുലാടത്ത് ഷൈസിത്ത് (53), മൊകേരി വടയത്ത്മരം വീട്ടിൽ നിജീഷ് (44) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 20ന് രാത്രി ലിങ്ക് റോഡിലെ സ്വർണ ഉരുക്കു ശാലയിൽനിന്ന് മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണം ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന പശ്ചിമ ബംഗാളിലെ വർധമാൻ സ്വദേശി റംസാൻ അലിയിൽനിന്നാണ് സ്വർണം കവർന്നത്. ബൈക്കിലെത്തിയ എട്ടംഗ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപത്തുനിന്ന് ആക്രമിച്ചാണ് കവർച്ച നടത്തിയത്. ചേളന്നൂർ എട്ടേരണ്ടിൽ വാടകക്ക് താമസിക്കുന്ന ക്വട്ടേഷൻ സംഘത്തലവൻ ഷൈസിത്ത് മറ്റൊരു പ്രതി ഷിബിയോടും സംഘത്തോടുമൊപ്പം കവർച്ചക്ക് പദ്ധതി തയാറാക്കിയയാളാണ്. പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഇയാൾ ഷിബി പോലുമറിയാതെ ഒളിവിൽ പോവുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ താമസിച്ചെങ്കിലും അവിടെയെല്ലാം പൊലീസ് എത്തിയതോടെ ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഷൈസിത്ത് കഞ്ചാവുകടത്ത് ഉൾപ്പെടെ കേസുകളിലും പ്രതിയാണ്. നിജീഷും ഏറെക്കാലമായി ഒളിവിലായിരുന്നു. കവർന്ന സ്വർണത്തിെൻറ ഒരു ഭാഗം വിൽപന നടത്തി കൊടുത്തത് ഇയാളായിരുന്നു.
നഗരത്തിലെ ക്വട്ടേഷൻ സംഘത്തിന് കവർച്ചക്കായി സിംകാർഡുകൾ എടുത്ത് നൽകിയ കക്കോടി മൂട്ടോളി സ്വദേശി ലത്തീഷിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്. തുടർന്ന് പയ്യാനക്കലിലെ ജിനിത്ത്, കൊമ്മേരിയിലെ ജമാൽ ഫാരിഷ്, പന്നിയങ്കരയിലെ ഷംസുദ്ദീൻ, കാസർക്കോട്ടെ മുഹമ്മദ് നൗഷാദ് എന്നിവരെ പൂളാടികുന്നിൽനിന്നും പിടികൂടി. മറ്റൊരു പ്രതി പയ്യാനക്കൽ ചാമുണ്ടിവളപ്പ് സ്വദേശി ജംഷീർ പൊലിസിനു മുന്നിൽ ഹാജരായി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നിരവധി ക്വട്ടേഷൻ, കവർച്ച കേസുകളിൽ പ്രതിയായ കോട്ടൂളി സ്വദേശി എൻ.പി. ഷിബിയെ തൊണ്ടയാട്ടെ രഹസ്യ കേന്ദ്രത്തിൽനിന്നും അറസ്റ്റുചെയ്തു. നേരത്തെ പിടിയിലായ പ്രതികൾക്ക് കർണാടകയിൽ ഒളിത്താവളം ഒരുക്കിയതും നിജീഷായിരുന്നു. ബംഗളൂരുവിലെ രഹസ്യകേന്ദ്രം സിറ്റി ക്രൈം സ്ക്വാഡ് റെയ്ഡ് ചെയ്യാനെത്തിയതറിഞ്ഞ് മുങ്ങിയ ഇയാൾ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പിടിയിലായത്. റിഹേഴ്സലടക്കം നടത്തിയായിരുന്നു കവർച്ചയെന്നും പിന്നീട് ഇവർ കവർന്ന സ്വർണത്തിെൻറ ഒരുഭാഗം കണ്ടെത്തിയതായും ടൗൺ അസി. കമീഷണർ പി. ബിജുരാജ് പറഞ്ഞു. ഒമ്പതുപേർ അറസ്റ്റിലായെന്നും ഇനിയും അറസ്റ്റുണ്ടാകുമെന്നും കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ് പറഞ്ഞു.
കസബ ഇസ്പെക്ടർ എൻ. പ്രജീഷിെൻറ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എടയേടത്ത് മനോജ്, കെ. അബ്ദുൽ റഹിമാൻ, കെ.പി. മഹീഷ്, എം. ഷാലു, പി.പി. മഹേഷ്, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത്, എ. പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്, കസബ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനീഷ്, സി.പി.ഒ ടി.കെ. വിഷ്ണുപ്രഭ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

