ആസൂത്രണ ബോർഡിലെ വിവാദ നിയമനങ്ങൾക്ക് സ്റ്റേ
text_fieldsതിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ സ്റ്റേ ചെയ്തു. ചീഫ് സോഷ്യൽ സർവിസ്, ഡീ സെൻട്രലൈസ്ഡ് പ്ലാനിങ് തസ്തികകളിലേക്ക് നടന്ന അഭിമുഖപരീക്ഷയിൽ ഇടത് സർവിസ് സംഘടന പ്രവർത്തകർക്ക് ചട്ടവിരുദ്ധമായി മാർക്ക് നൽകിയെന്നാരോപിച്ച് ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് നടപടി. കോടതിയുടെ ഉത്തരവില്ലാതെ നിയമനം നടത്തരുതെന്നും പി.എസ്.സിക്ക് നിർദേശം നൽകി.
2018 നവംബറിലാണ് രണ്ട് തസ്തികയിലേക്കും പി.എസ്.സി എഴുത്തുപരീക്ഷ നടത്തിയത്. ഓരോ ഒഴിവാണ് ഉണ്ടായിരുന്നത്. ചീഫ് സോഷ്യൽ സർവിസ് തസ്തികയിലെ എഴുത്തുപരീക്ഷയിൽ 91.75 മാർക്ക് നേടി പി.ജെ. സൗമ്യയാണ് ഒന്നാമതെത്തിയത്. എന്നാൽ, ആസൂത്രണ ബോർഡ് വൈസ്ചെയർമാനെ ഒപ്പമിരുത്തി പി.എസ്.സി നടത്തിയ ഇൻറർവ്യൂവിൽ സൗമ്യക്ക് ലഭിച്ചത് 40ൽ 11 മാർക്ക്. അതേസമയം, സൗമ്യക്ക് പിന്നിൽ രണ്ട്, മൂന്ന്, അഞ്ച് സ്ഥാനങ്ങളിലെത്തിയ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവിനും ആസൂത്രണ ബോർഡിലെ രണ്ട് ഉദ്യോഗസ്ഥർക്കും ലഭിച്ചത് 36 മാർക്ക്. ഇതോടെ ഒന്നാംസ്ഥാനക്കാരി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചീഫ് ഡീ സെൻട്രലൈസ്ഡ് പ്ലാനിങ് തസ്തികയിലെ എഴുത്തുപരീക്ഷയിൽ 200 മാർക്കിൽ 52.50 മാർക്ക് നേടിയയാളെ മുന്നിലെത്തിക്കാൻ നൽകിയത് 40ൽ 38.
എഴുത്തുപരീക്ഷയിൽ നേടുന്ന മാർക്കിെൻറ 12.2 ശതമാനമേ അഭിമുഖപരീക്ഷയിൽ നൽക്കാവൂവെന്ന 1985ലെ സുപ്രീംകോടതിവിധിയുടെ ലംഘനമാണ് പി.എസ്.സി നടത്തിയതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. മരുതംകുഴി സതീഷ്കുമാർ വാദിച്ചു. ഇത് മറികടന്ന് ഇടത് സർവിസ് സംഘടനനേതാക്കൾക്ക് 90 മുതൽ 95 ശതമാനംവരെ മാർക്ക് നൽകി. പി.എസ്.സിയുടെ അഭിമുഖപരീക്ഷാചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർക്കാണിതെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, പരാതിയുമായി രംഗത്തെത്തിയവരെ ആസൂത്രണ ബോർഡിലെയും സി.പി.എമ്മിലെയും ചില ഉന്നതർ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായി ഉദ്യോഗാർഥികൾ ആരോപിച്ചു. ഈ മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
