അരിക്കൊമ്പനെ പിടികൂടുന്നതിന് സ്റ്റേ: പ്രതിഷേധം ആളിക്കത്തുന്നു
text_fields‘ഓപറേഷൻ അരിക്കൊമ്പൻ’ നിർത്തിവെച്ചതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പൂപ്പാറയിൽ
നടത്തിയ പ്രതിഷേധ പ്രകടനം
അടിമാലി: ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നത് ഈ മാസം 29 വരെ വിലക്കിയ ഹൈകോടതി നടപടിയിൽ വ്യാപക പ്രതിഷേധം. സൂര്യനെല്ലിയിൽ പന്തംകൊളുത്തി പ്രകടനവും പൂപ്പാറയിൽ പ്രതിഷേധ പ്രകടനവും നടന്നു. വിഷയം ചർച്ച ചെയ്യാൻ ചിന്നക്കനാൽ പഞ്ചായത്തിൽ വെള്ളിയാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ പ്രസിഡന്റ് സിനി ബേബി, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ആർ. ജയൻ എന്നിവർ സംസാരിച്ചു.
വനം വകുപ്പിന്റെ ബി ടീമായ സംഘടനയാണ് ഹൈകോടതിയിൽ കേസ് നൽകിയതെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും വിലയില്ലാതായെന്നും യോഗം ചൂണ്ടിക്കാട്ടി. കോടതി ഇത്തരത്തിൽ ഇടപെടുന്നത് അരാജകത്വം വിളിച്ചുവരുത്തുമെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അഭിപ്രായമുയർന്നു.
കോടതിയോട് ബഹുമാനമുണ്ട്. ചില കള്ളനാണയങ്ങൾ കൊണ്ടുവരുന്ന ഹരജികൾ ജനങ്ങളുടെ സംരക്ഷണത്തിന് തടസ്സമാണെങ്കിൽ തള്ളിക്കളയണം. വനം വകുപ്പ് സമാന്തര സർക്കാറായാണ് പ്രവർത്തിക്കുന്നത്. മലയോര കർഷകരുടെ പട്ടയ വിഷയത്തിലടക്കം കടലാസ് സംഘടനകളെ ഉപയോഗിച്ച് വനം വകുപ്പ് തടസ്സങ്ങളുണ്ടാക്കി. ഇനി പൊറുക്കാനും മാപ്പ് നൽകാനും കഴിയില്ല. ദൗത്യം പൂർത്തിയാക്കാതെ കുങ്കിയാനകളെ തിരിച്ചയക്കില്ലെന്നും യോഗം വ്യക്തമാക്കി.
ജോലിയും മറ്റും ഉപേക്ഷിച്ചാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണി ഉൾപ്പെടെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്തുണ്ട്.ദൗത്യം ഉപേക്ഷിച്ചാൽ തങ്ങൾക്ക് സ്വസ്ഥമായി കിടന്നുറങ്ങാനാവില്ലെന്നാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലുള്ളവർ പറയുന്നത്.
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നിർത്തിവെക്കുന്നത് തോട്ടം മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികളും രാഷ്ട്രീയ സംഘടനകളും.
രണ്ട് കുങ്കിയാനകൾകൂടി ഇന്ന് ചിന്നക്കനാലിലെത്തും
തൊടുപുഴ: കോടതി വിധിയുടെ പശ്ചാത്തലത്തിൽ അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം 29 വരെ നീട്ടിയെങ്കിലും കുഞ്ചു, സുരേന്ദ്രന് എന്നീ രണ്ട് കുങ്കിയാനകൾകൂടി ശനിയാഴ്ച ചിന്നക്കനാലിലെത്തും. സൂര്യയും വിക്രവും നേരത്തേ എത്തിയിരുന്നു. കോടതി വിധി വരുന്നത് വരെ മറ്റുള്ള മുന്നൊരുക്കങ്ങളും തുടരും. റേഷൻ കടകള്‍, വീടുകള്‍ എന്നിവ തകര്‍ത്ത് അരി ഉള്‍പ്പെടെയുള്ളവ ആഹാരമാക്കി പലരുടെയും ജീവന് അപഹരിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോഴാണ് ആനയെ പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തമായത്.
ഇതിനായി വലിയ പ്രതിഷേധങ്ങളും സമരങ്ങളും മേഖലയില്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും നിരവധി കൂടിയാലോചനക്ക് ശേഷമാണ് അരിക്കൊമ്പനെ തളക്കാന്‍ ഉത്തരവിറങ്ങിയത്. കുങ്കിയാനകൾ ഉള്‍പ്പെടെ 71 അംഗ ദൗത്യസംഘം എല്ലാ തയാറെടുപ്പുകളും നടത്തി മയക്കുവെടി വെക്കാൻ രണ്ട് ദിവസം മുമ്പ് കോടതി സ്റ്റേ വന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തുടർ നടപടികള്‍ എന്ത് ചെയ്യുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്.
29ന് ഹൈകോടതി ഡിവിഷന് ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കുമെന്ന വിശ്വാസമാണ് ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാര്‍ട്ടികൾക്കുമുള്ളത്. ഇതിനോടകം ഓപറേഷൻ അരിക്കൊമ്പന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. ദൗത്യം നീണ്ടുപോയാല്‍ ഇത് ഇനിയും കൂടും. അതേസമയം, പെരിയകനാല്‍ എസ്റ്റേറ്റ് മേഖലയില്‍ വിഹരിക്കുന്ന അരിക്കൊമ്പനെ ഇവിടെനിന്ന് തുരത്തി ഓടിക്കാന്‍ നാട്ടുകാര്‍ ശ്രമം ആരംഭിച്ചു. ദിവസങ്ങളായി ഇവിടെ തുടരന്നതിനാല്‍ എസ്റ്റേറ്റ് ജോലികള്‍ നിലച്ചിരിക്കുകയാണ്.
സ്റ്റേ നിരാശാജനകം -ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ജനജീവിതത്തിന് ഭീഷണി ഉയർത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നത് സ്റ്റേ ചെയ്ത ഹൈകോടതി നടപടി നിരാശാജനകമെന്ന് ഡീൻ കുര്യാക്കോസ് എം.പി. സ്റ്റേ പിൻവലിക്കാൻ കേസിൽ കക്ഷിചേരുമെന്നും എം.പി പറഞ്ഞു. തിരുവനന്തപുരത്തുള്ള ഏതോ പരിസ്ഥിതി- മൃഗ സംരക്ഷണ സംഘടനയിൽപെട്ട ഒരാൾ ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇങ്ങനെ ഒരു വിധി സമ്പാദിച്ചത് മനുഷ്യത്വരഹിതമാണ്. ഒരു സംഘടനയും ഇത്തരം നടപടിയിലേക്ക് കടക്കരുത്. സർക്കാർ ഒരു ഭീഷണിക്ക് മുന്നിലും മുട്ടുമടക്കരുത്. കോടതിയുടെ നീതിപൂർവ ഇടപെടൽ ഉണ്ടാകണം. ജനപക്ഷത്തുനിന്ന് ചിന്തിച്ച് കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകുന്നത് കൊല്ലാനല്ല -എം.എം. മണി
പൂപ്പാറ: അരിക്കൊമ്പനെ പിടിക്കുന്നത് കൊല്ലാനല്ലെന്നും നല്ല ഭക്ഷണവും പരിശീലനവും നൽകാനാണെന്നും എം.എം. മണി എം.എൽ.എ.പൂപ്പാറയിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് കൊടുത്തത് കേട്ടാൽ അരിക്കൊമ്പനെ പിടിച്ച് കൊല്ലാൻ കൊണ്ടുപോകുകയാണെന്ന് തോന്നും.
കോടതി നടപടിയെ അല്ല; കേസ് കൊടുത്തവരെയാണ് വിമർശിക്കുന്നത്.ഇത്രയധികം വീടുകളും റേഷൻ കടയും തകർത്തിട്ട് ഈ വിദ്വാന്മാർ ആരും ഇവിടെ വന്നില്ലല്ലോ. ആശ്വസിപ്പിക്കുകയോ സഹായം നൽകുകയോ ചെയ്തതുമില്ല - എം.എം. മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

