പാലക്കാട് അറവുമാലിന്യം ഭക്ഷിച്ച കാക്കകളും നായ്ക്കളും ചത്തു
text_fieldsപാലക്കാട്: പുതുപ്പള്ളിതെരുവിൽ നഗരസഭയുടെ അറവുശാലയിലെ മാംസാവശിഷ്ടങ്ങള്‍ ഭക്ഷിച്ച കാക്കകൾ കൂട്ടത്തോടെ ചത്ത ു. മാംസാവശിഷ്ടം കഴിച്ച രണ്ട് തെരുവ് നായ്ക്കളും പരുന്തും ചത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നഗരസഭ ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷ വിഭാഗം, മൃഗസംരക്ഷണ വിഭാഗം എന്നിവർ പരിശോധന നടത്തി.
മുനവർ നഗറിലാണ് അറവുശാല പ്രവർത്തിക്കുന്നത്. പരിസരത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്നും നഗരത്തിലെ ഹോട്ടലുകളിലേക്കും വീടുകളിലേക്കും വില്‍പന നടത്തിയവയില്‍ വിഷം കലര്‍ന്നിട്ടുണ്ടോയെന്ന് സംശയമുള്ളതിനാൽ ഇവ ഉപയോഗിക്കരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തിൽ കലക്ടർ റിപ്പോർട്ട് തേടുകയും നഗരസഭ അടിയന്തര കൗൺസിൽ വിളിക്കുകയും ചെയ്തു.
സമീപത്തെ മുനവര്‍ നഗറിലെ മൂന്ന് വീടുകളില്‍ കിണറ്റില്‍ കാക്കകള്‍ ചത്തുവീണ നിലയിലും കണ്ടെത്തി. അറവ് മാലിന്യത്തില്‍ വിഷം കലര്‍ന്നതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി നഗരസഭ ആരോഗ്യവകുപ്പ് വിഭാഗവും പൊലീസും അറിയിച്ചു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും അവയെ കൊല്ലാനാണ് ഇറച്ചി മാലിന്യത്തിൽ വിഷം കലർത്തിയതെന്നും സൂചനയുണ്ട്. വെറ്ററിനറി ഡോക്ടറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
പ്രാഥമിക റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണ് കാക്കകളും നായും ചത്തതെന്ന് മൃഗഡോക്ടർ അറിയിച്ചു. ഒരു കാക്കയെയും നായ്യെയുമാണ് പോസ്റ്റ്മോർട്ടം ചെയ്തത്. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ അനധികൃതമായി പ്രവർത്തിക്കുന്ന അറവുകേന്ദ്രങ്ങളും ഇറച്ചിക്കടകളും അടച്ചു പൂട്ടി. നഗരസഭ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാർ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ. മണികണ്ഠന്‍, ഭക്ഷ്യസുരക്ഷ ഓഫിസര്‍ രാജേഷ്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാബു ലൂയീസ്, റിയാസ് റഹ്മാന്‍ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതിദിനം 25 വലിയ മൃഗങ്ങളെയും 35 മുതല്‍ 40 ചെറുമൃഗങ്ങളെയും ഈ അറവ് ശാലയില്‍ അറുക്കുന്നുണ്ട്. കാക്കകള്‍ ചത്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. അറവ് ശാലയില്‍ ഉപയോഗശൂന്യമായ മാംസമാണ് വിറ്റതെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റിപ്പോർട്ട് നൽകി
പാലക്കാട്: പുതുപ്പള്ളി തെരുവിൽ മാംസാവശിഷ്ടം ഭക്ഷിച്ച് കാക്കയും പരുന്തും നായ്ക്കളും ചത്തത് സംബന്ധിച്ച് ജില്ല മൃഗ സംരക്ഷണ ഓഫിസർ ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ചത്ത ജീവികളുടെ സാമ്പിളുകൾ കാക്കനാട് ഫോറൻസിക് ലാബിലേക്ക് അയക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നഗരസഭക്കും വ്യക്തമായ നിർദേശം നൽകിയതായും ജില്ല മൃഗസംരക്ഷണ ഓഫിസർ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
