സംസ്ഥാനത്തെ ധനപ്രതിസന്ധി നിയമസഭയിൽ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് പിണറായി സർക്കാർ. ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകി. 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ചയാണ് നടക്കുക.
സംസ്ഥാനത്തെ അതിരൂക്ഷമായ ധനപ്രതിസന്ധിയും വികസന പ്രവർത്തനങ്ങളിലും പദ്ധതി നടത്തിപ്പിലും ഉണ്ടായ വീഴ്ചയും ട്രഷറി നിയന്ത്രണവുമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ ഇന്ന് കൊണ്ടുവന്നത്. പ്രതിപക്ഷത്ത് നിന്ന് അഡ്വ. മാത്യു കുഴൽനാടനാണ് വിഷയം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
സംസ്ഥാനത്തെ ധനപ്രതിസന്ധി പുതുമയുള്ള കാര്യമല്ലെന്നും സർക്കാർ നൽകിയ ആനുകൂല്യങ്ങളും നടത്തിയ പ്രവർത്തനങ്ങളും വിശദീകരിക്കാനുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ വ്യക്തമാക്കി. ധനപ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ നിലനിൽക്കെ വിഷയം ചർച്ച ചെയ്യാവുന്നതാണെന്നും മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ധനപ്രതിസന്ധിക്ക് കാരണം സർക്കാറിന്‍റെ പിടിപ്പുകേടും ദുർചെലവും ധനകാര്യ മാനേജ്മെന്‍റിലെ വീഴ്ചയുമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ക്ഷേമ പദ്ധതികൾ മുടങ്ങി കിടക്കുന്നതും പദ്ധതി നടത്തിപ്പിനുള്ള പണം ലഭിക്കാത്തതും ഫണ്ട് വെട്ടിക്കുറക്കുന്നതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
ഇത്തവണത്തെ സമ്മേളനം ആരംഭിച്ചത് മുതൽ നിയമസഭ ചർച്ച ചെയ്യുന്ന നാലാമത്തെ അടിയന്തര പ്രമേയമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധി. പൊലീസ് അതിക്രമം-കസ്റ്റഡി മർദനം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, അമീബിക് മസ്തിഷ്കജ്വരം എന്നീ വിഷയങ്ങളാണ് സഭ ചർച്ച ചെയ്ത മറ്റ് അടിയന്തര പ്രമേയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

