Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅജിത്കുമാറിന്‍റെ...

അജിത്കുമാറിന്‍റെ സസ്പെൻഷൻ ഉത്തരവ് കുറ്റപത്രം പോലെ; ഉദ്യോഗസ്ഥർ എസ്.ഐ.ടിക്ക് നൽകിയ മൊഴികൾ എ.ഡി.ജി.പിക്ക് കുരുക്കായി

text_fields
bookmark_border
ADGP MR Ajith Kumar
cancel
camera_alt

എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച ‘രക്ഷാപ്രവര്‍ത്തനക്കേസ്’ അട്ടിമറിക്കാൻ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാർ ശ്രമിച്ചതിന്‍റെ പങ്ക് വ്യക്തമെന്ന നിലപാടിൽ സർക്കാർ. കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിലാണ് എ.ഡി.ജി.പിയുടെ വീഴ്ചകൾ ഓരോന്നായി ചൂണ്ടിക്കാട്ടുന്നത്. ഫലത്തിൽ ‘കുറ്റപത്ര’ സമാനമാണ് സസ്പെൻഷൻ ഉത്തരവ്.

അജിത്കുമാറിന്‍റെ ഇടപെടലുകളും അത് തെളിയിക്കാനായി അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴികളും തെളിവുകളും ഡി.ജി.പിയുടെ ശിപാർശയുമുൾപ്പെടെ സസ്പെൻഷൻ ഉത്തരവിൽ ചേർത്തിട്ടുണ്ട്. ഫലത്തിൽ അപൂർവമായ സസ്പെൻഷൻ ഉത്തരവാണ് സർക്കാർ പുറത്തിറക്കിയത്. രക്ഷാപ്രവർത്തനക്കേസ് അട്ടിമറിക്കാൻ അജിത്കുമാർ ഇടപെട്ടെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്. എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ എസ്.ഐ.ടി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും തെളിവുകളും ഇത് ശരിവക്കുന്നു. അജിത്കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അന്വേഷണം വഴിതിരിച്ചുവിടാൻ എ.ഡി.ജി.പിയും അദ്ദേഹത്തിന്‍റെ ഓഫിസിലുള്ള ചിലരും നിരന്തരം ശ്രമിച്ചതിന്‍റെ തെളിവുകള്‍ എസ്‌.ഐ.ടി അന്വേഷണത്തില്‍ ലഭിച്ചതായി സര്‍ക്കാര്‍ വിലയിരുത്തി. രക്ഷാപ്രവർത്തനക്കേസ് ആദ്യം അന്വേഷിച്ച ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മൊഴികളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊഴികളിൽ എ.ഡി.ജി.പിയുടെ പങ്ക് വ്യക്തമാക്കുന്ന ഭാഗങ്ങളും പ്രത്യേകമായി ചീഫ് സെക്രട്ടറിയുടെ സസ്പെൻഷൻ ഉത്തരവിലും വ്യക്തമാക്കുന്നു. അവിശ്വസനീയമായ വിശദീകരണമാണ് എ.ഡി.ജി.പിയുടേത്. വിശദമായ മറുപടി ലഭ്യമാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം ഡി.ജി.പി അംഗീകരിച്ചിട്ടില്ല. കേസില്‍ ആദ്യത്തെ അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട് തിരുത്തിയത് എ.ഡി.ജി.പിയുടെ ഓഫിസിന്‍റെ ഇടപെടല്‍ മൂലമാണെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേസ് ഡയറി എ.ഡി.ജി.പി പരിശോധിച്ചെന്നും മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച ഭാഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതായും കേസ് ആദ്യം അന്വേഷിച്ച ഡിവൈ.എസ്.പിമാരായ കെ.പി. തോംസന്‍റെയും കെ.എസ്. അരുണിന്‍റെയും മൊഴിയിൽ പറയുന്നു. കോടതിയില്‍ നിലനില്‍ക്കാത്ത തരത്തില്‍ കേസ് വഴിതിരിച്ചുവിടാൻ നിര്‍ദേശമുണ്ടായതായി ഡിവൈ.എസ്.പി സുനിൽരാജും മൊഴി നല്‍കിയിട്ടുണ്ട്. എ.ഡി.ജി.പി ഓഫിസിലെ ഗ്രേഡ് എസ്‌.ഐ ഗീരിഷും എസ്‌.ഐ ശ്രീകാന്തും പല തവണ അന്വേഷണ നടപടികളില്‍ ഇടപെട്ടെന്നും ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIT investigationMR Ajith Kumar
News Summary - Statements given by officers to SIT entangle ADGP MR Ajith Kumar
Next Story