Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയിംസ് കാസർകോട്...

എയിംസ് കാസർകോട് വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ, കോഴിക്കോട്ടെന്ന് എം.വി. ഗോവിന്ദൻ, ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന് കെ.സി. വേണുഗോപാൽ

text_fields
bookmark_border
എയിംസ് കാസർകോട് വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ, കോഴിക്കോട്ടെന്ന് എം.വി. ഗോവിന്ദൻ, ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന് കെ.സി. വേണുഗോപാൽ
cancel

തിരുവനന്തപുരം: കേരളത്തിനുള്ള എയിംസിനെച്ചൊല്ലി പ്രസ്താവന യുദ്ധം കനക്കുന്നു. എയിംസ് കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. എയിംസ് കാസർകോട് തന്നെ വേണമെന്നാണ് ആവശ്യം. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുകയാണ്. അടുത്ത കാലത്ത് ബിജെപി രാഷ്ട്രീയത്തിൽ വന്ന് നേതാവായവർക്ക് വിഷയം അറിയില്ല. ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിർക്കുന്നു എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണം എന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ പിന്തുണച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തെത്തി. സുരേഷ് ഗോപിയുടെ ആവശ്യം സ്വാഗതാര്‍ഹമാണെന്നാണ് അദ്ദേഹം പറഞ്ഞു. എയിംസ് ആലപ്പുഴയില്‍ എന്നത് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനമായാണ് കാണുന്നത്. ഏറെക്കാലമായി എയിംസിന് വേണ്ടി കരഞ്ഞു കാത്തിരിക്കുകയാണ് സംസ്ഥാനം. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇതുപോലൊരു വിവേചനം നേരിട്ടിട്ടില്ല. സ്വകാര്യമേഖലയില്‍ പോലും പ്രധാന ആശുപത്രികളില്ലാത്ത ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയില്‍ എയിംസ് എന്ന ആവശ്യവുമായി സുരേഷ് ഗോപി മുന്നോട്ട് വന്നാല്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ വിഷയത്തിൽ സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എയിംസ് തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അതു നടന്നില്ലെങ്കിൽ തമിഴ്​നാട്ടിലേക്ക്​ കൊണ്ടുപോകുമെന്നുമുള്ള സുരേഷ്​ ഗോപിയുടെ പ്രസ്താവനക്കെതിരെയാണ്​ ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയത്. ഒരിക്കലും സുരേഷ്​ ഗോപിയുടെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന്​ സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ്​ കാസർകോട്ട് മാധ്യമങ്ങളോട്​ പ്രതികരിച്ചു. കേരളത്തിൽ വേണമെന്നാണ്​ ബി.ജെ.പിയുടെ നിലപാട്​. സുരേഷ്​ ഗോപിയുടെ കടുംപിടിത്തം അദ്ദേഹത്തോട്​ ചോദിക്കണം. ആ അഭിപ്രായം ബി.ജെ.പിക്കില്ല. എല്ലാ ജില്ലക്കാർക്കും അവകാശപ്പെടാം. ഒരു ജില്ലക്ക്​ ഒരു മെഡിക്കൽ കോളജ്​ എന്ന കേന്ദ്രസർക്കാർ നിലപാടാണ്​ ആരോഗ്യരംഗത്തെ പ്രശ്​നങ്ങൾ പരിഹരിക്കുന്നത്​. എയിംസ്​ കേരളത്തിനാണ്,​ ജില്ലക്കല്ല -എം.ടി. രമേശ്​ പറഞ്ഞു.

സംസ്ഥാന സർക്കാരും കേന്ദ്രസംഘവും കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് ഉടൻ അനുവദിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പറഞ്ഞു. 19-6-2014ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എയിംസിനായി 16-7-2014ൽ കിനാനൂരിലെ 150 ഏക്കർ ഭൂമി കണ്ടെത്തുകയും 9-1-2017ൽ ആരോ​ഗ്യവകുപ്പ് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് കേന്ദ്രസംഘം കേരളത്തിലെത്തി സ്ഥലം പരിശോധിച്ച് തൃപ്തിപ്പെട്ടു. അവർ നിർദേശിച്ചതിനനുസരിച്ച് 50 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടിയുമുണ്ടായി. കോഴിക്കോട് എയിംസ് അനുവദിക്കണമെന്ന ശിപാർശയോടെ കേന്ദ്ര ആരോ​ഗ്യവകുപ്പ് മന്ത്രി ധനവകുപ്പിന് കത്തയച്ചു. അടുത്തഘട്ടത്തിൽ തന്നെ കേരളത്തിന് എയിംസ് അനുവദിക്കണമെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രി ശിപാർശ ചെയ്തത്. കിനാലൂരിലെ നിർദിഷ്ടസ്ഥലം അനുയോജ്യമല്ലെന്ന് ഒരുഘട്ടത്തിലും കേന്ദ്രം കേരളത്തോട് പറഞ്ഞിട്ടില്ലെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. രണ്ട് സ്ഥലം പറഞ്ഞിട്ട്, അവിടെ എയിംസ് അനുവദിച്ചില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് പൊക്കോട്ടെ എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സ്ഥലത്തിന്റെ പേരുംപറഞ്ഞ് ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കാതെ എത്രയും വേ​ഗം എയിംസ് അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിന് എയിംസ് അനുവദിച്ചെന്ന്​ ഇന്ന്​ പറഞ്ഞാൽ നാളെ രാവിലെ 11ന് സൗജന്യമായി സ്ഥലം കൊടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ അരൂക്കുറ്റിയിൽ തന്തൈ പെരിയാർ സ്മാരകം ശിലാസ്ഥാപന ചടങ്ങിനുശേഷം മാധ്യമ​പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെന്ന നിലയിലും പാർട്ടി ഭാരവാഹിയെന്ന നിലയിലുമാണ് ഇത്​ പറയുന്നത്. ഗോവക്കുപോലും എയിംസ്​ നൽകിയപ്പോൾ കേരളത്തോട്​ കാണിക്കുന്ന അവഗണനയാണിത്​. എയിംസ്​ പ്രഖ്യാപിച്ചാൽ 200 അല്ല അതിൽ കൂടുതൽ ഏക്കർ തരാനും തയാറാണ്. കേന്ദ്രമന്ത്രി സുരേഷ്​ ഗോപി തട്ടുപൊളിപ്പൻ രാഷ്ട്രീയം കളിക്കുകയാണ്. ആത്മാർഥത ഉള്ളതുകൊണ്ടല്ല, ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ്​ ഗോപിക്കുള്ളത്. ആലപ്പുഴയിൽ എയിംസ് തരാമെന്ന്​ പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാരാക്കേണ്ട. പ്രളയം വന്നപ്പോഴും അല്ലാത്ത​പ്പോഴും കുട്ടനാടിന് കേന്ദ്രം ഒന്നും നൽകിയിട്ടില്ല. തകർന്നുപോയ കുട്ടനാട്ടിനെയും അപ്പർകുട്ടനാട്ടിനെയും പുനരുജ്ജീവിപ്പിക്കാൻ മറ്റ്​ വിദേശരാജ്യങ്ങളിൽനിന്ന്​ സഹായം വന്നപ്പോൾ അത്​ തടഞ്ഞത്​ സുരേഷ്​ ഗോപിയുടെ പാർട്ടിയാണ്​. ഇപ്പോൾ കുട്ടനാട്ടിൽ കേന്ദ്രസമിതി സന്ദർശിക്കുകയാണ്. കൃഷിമന്ത്രിയും ജില്ലയിലെ മന്ത്രിയായ താനും അറിഞ്ഞില്ല. അവിടുത്തെ എം.എൽ.എയും അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanSuresh GopiAIIMSKC Venugopal
News Summary - statement war over Kerala AIIMS location
Next Story