ഹണി റോസിനെതിരായ അധിക്ഷേപ പരാമർശങ്ങള്‍; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ
text_fieldsഹണി റോസ്, രാഹുൽ ഈശ്വർ
കൊച്ചി: നടി ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ചാനൽ ചർച്ചകളിൽ രാഹുൽ സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിശയുടെ പരാതി. പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയതായി കമ്മീഷൻ അധ്യക്ഷന്‍ എം ഷാജര്‍ പറഞ്ഞു.
നേരിടുന്ന അധിക്ഷേപം സധൈര്യം തുറന്നു പറയുകയും നിയമപരമായി നേരിടാന്‍ തയ്യാറായി മുന്നോട്ടു വരികയും ചെയ്യുന്ന സത്രീകള്‍ക്ക് രാഹുല്‍ ഈശ്വറിന്റെ വാദങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഇത്തരം പാനലിസ്റ്റുകളെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്നും ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റിൽ നടന്ന യുവജന കമ്മിഷൻ അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി നേരത്തേ രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് പരാതി നൽകിയിരുന്നു. പിന്നാലെ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. എന്നാൽ രാഹുലിനെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

