നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രി വിരുന്നിലെന്ന് വിമർശനം
text_fieldsമലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
‘മധ്യകേരളം പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് തേങ്ങുമ്പോഴും ഇങ്ങ് പൊന്നാനിയിലെത്തി യു.ഡി.എഫ് മുതലാളിമാരുടെ വീടുകളിലെ ആവോലി പൊരിച്ചതിന്റെ ഉപ്പും ചിക്കന്‍ ചില്ലിയുടെ വേവും പരിശോധിക്കുന്ന മുഖ്യമന്ത്രി’ എന്നായിരുന്നു ഒരാള്‍ പങ്കുവെച്ച കമന്റ്. ‘നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ മൂപ്പര് ഇങ്ങനെ വിരുന്നുപോവുകയാണോ?' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഡോ. പി. സരിന് അടക്കമുള്ളവരും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി. ‘കനത്ത കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എം.എൽ.എയോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ അപൂര്‍വ ദൃശ്യങ്ങള്‍’ എന്ന് പറഞ്ഞ് സരിന് വിരുന്നിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊന്നാനി യാത്രയും വിവാദമായിരിക്കുന്നത്.
എല്ലാം നിയന്ത്രണവിധേയം -മന്ത്രി എ.പി. അനിൽകുമാർ
മലപ്പുറം: കാലവർഷക്കെടുതികൾ നേരിടാൻ എല്ലാവിധ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും നടത്തിയിരുന്നുവെന്നും കാര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നും റവന്യു മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. മലപ്പുറത്ത് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശനിയാഴ്ച രാത്രി അതിശക്തമായ മഴ എവിടെയുമുണ്ടായിട്ടില്ല. പറയത്തക്ക അനിഷ്ട സംഭവങ്ങൾ ഒരു ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. അഞ്ചാം തീയതി വരെ മഴയുണ്ടാകുമെന്ന വിവരമാണ് ലഭ്യമായിട്ടുള്ളത്. മൺസൂൺ തുടങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർത്തിരുന്നു.
അലർട്ട് വരാൻ കാത്തിരിക്കേണ്ടെന്നും ഏത് സാഹചര്യം വന്നാലും നേരിടാൻ സജ്ജമാകണമെന്നും ജില്ല കലക്ടർമാർക്ക് നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ആറന്മുളയിൽ ക്യാമ്പുകളിൽ ഭക്ഷണം കിട്ടിയില്ലെന്ന പരാതിയിൽ രാവിലെ എം.എൽ.എയുമായി സംസാരിച്ചിരുന്നു. പ്രഭാതഭക്ഷണം എത്തുന്നതിൽ അൽപം വൈകി എന്ന പരാതിയാണ് വന്നത്. ഭക്ഷണം കൃത്യമായ സമയത്ത് തന്നെ കൊടുക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയിൽ ഒരു സ്ഥലത്ത് ഉരുൾപൊട്ടലുണ്ടായി. ചെറുതും വലുതുമായ മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. പത്തനംതിട്ടയിൽ ഊഹിക്കാൻ പോലും കഴിയാത്ത രീതിയിലാണ് മഴയുണ്ടായത്. മരണം സംഭവിച്ചവർക്ക് ധനസഹായം നൽകും.
വീട് പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും കന്നുകാലികളെ നഷ്ടപ്പെട്ടവർക്കും പരമാവധി ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

