സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം: കണ്ണൂർ ജേതാക്കൾ
text_fieldsസംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഓവറോൾ ചാമ്പ്യന്മാരായ കണ്ണൂർ ജില്ല ടീം വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
മണ്ണാർക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ ജില്ല ചാമ്പ്യന്മാർ. മണ്ണാർക്കാട് നടന്ന 58ാമത് ശാസ്ത്രമേളയിലാണ് 1585 പോയിന്റ് നേടി കണ്ണൂർ ഓവറോൾ കിരീടം നേടിയത്.1563 പോയിന്റ് നേടി മലപ്പുറം ജില്ല രണ്ടാം സ്ഥാനം നേടിയപ്പോൾ ആതിഥേയരായ പാലക്കാട് ജില്ല 1501 പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സ്‌കൂളുകളിൽ വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ് (165 പോയന്റാണ്) ആണ് ഓവറോൾ ചാമ്പ്യന്മാർ. ഇടുക്കി കൂമ്പൻ പാറ ജി.എച്ച്.എസ്.എസ് ( 153 പോയിന്റ്) രണ്ടാം സ്ഥാനവും കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് (152 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.
സയൻസ് മേളയിൽ 217 പോയിന്റ് നേടി കണ്ണൂർ ജില്ല ഒന്നാം സ്ഥാനവും മലപ്പുറം (199 പോയിന്റ്) രണ്ടാം സ്ഥാനവും നേടി. ഗണിതശാസ്ത്ര മേളയിൽ കോഴിക്കോട് ഒന്നാമതെത്തി. വയനാട് രണ്ടാമത്. സാമൂഹ്യ ശാസ്ത്രമേളയിൽ കണ്ണൂർ ജില്ല ഒന്നാമതും മലപ്പുറം രണ്ടാമതുമായി. പ്രവൃത്തി പരിചയമേളയിൽ കണ്ണൂർ ഒന്നാം സ്ഥാനവും മലപ്പുറം രണ്ടാം സ്ഥാനവും നേടി. ഐ.ടി മേളയിൽ മലപ്പുറം ഒന്നാമതെത്തി. വയനാടാണ് രണ്ടാം സ്ഥാനത്ത്. വിജയികൾക്ക് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ ട്രോഫികൾ വിതരണം ചെയ്തു.
അടുത്ത വർഷം ശാസ്ത്രോത്സവം പുതിയ മാന്വൽ പ്രകാരം -മന്ത്രി
മണ്ണാർക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ മാന്വൽ പരിഷ്കരിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം മുതൽ ശാസ്ത്രോത്സവം പുതിയ മാന്വൽ പ്രകാരമായിരിക്കും നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പട്ടികജാതി-വർഗ ക്ഷേമ മന്ത്രി കെ.എ. തുളസി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമാപന ചടങ്ങിൽ പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ സി.എ. സന്തോഷ് ഫല പ്രഖ്യാപനം നടത്തി. മണ്ണാർക്കാട് നഗരസഭ ചെയർ പേഴ്സൻ കെ.സജിന, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അലൻ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ റഷീദ് അലായിൻ, റഫീഖ പാറോക്കോട്ടിൽ, വി.എം. ലത്തീഫ്, പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ കെ.കെ. മഷ്ഹൂദ്, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ എം.എ. അസ്ഹർ, പാലക്കാട് ഡി.ഡി.ഇ സലീന ബീവി, മണ്ണാർക്കാട് ഡി.ഇ.ഒ സി. അബൂബക്കർ എന്നിവർ സംസാരിച്ചു.
ഷീറ്റ് മെറ്റൽ വർക്സിൽ അഞ്ചാം വർഷവും നിഹാൽ
സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ ഷീറ്റ് മെറ്റൽ വർക്സ് വിഭാഗത്തിൽ മികവ് ആവർത്തിച്ച് കായംകുളം എം.എസ്.എം.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥി മുഹമ്മദ് നിഹാൽ. കഴിഞ്ഞ നാല് വർഷമായി സംസ്ഥാനതലത്തിൽ തുടർച്ചയായി എ ഗ്രേഡ് കരസ്ഥമാക്കുന്ന നിഹാൽ ഇത്തവണയും അതേ തിളക്കമാർന്ന നേട്ടം ആവർത്തിച്ചു.
കായംകുളം നഗരസഭ കൗൺസിലറായ കരിവിൽ നിസാറിന്റെയും എം.എസ്.എം.എച്ച്.എസ്.എസ് സ്കൂളിലെ തയ്യൽ അധ്യാപികയായ താജുന്നിസ റഹ്മാന്റെയും മകനാണ് മുഹമ്മദ് നിഹാൽ. അധ്യാപികയായ മാതാവ് താജുന്നിസ നൽകുന്ന നിരന്തരമായ പ്രോത്സാഹനവും പിന്തുണയുമാണ് കരകൗശല നിർമാണ രംഗത്ത് മികവ് പുലർത്താൻ നിഹാലിന് കരുത്താകുന്നത്.
നിഹാലിന്റെ പാത പിന്തുടർന്ന് സഹോദരനും ഇതേ ഇനത്തിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സഹോദരൻ മുഹമ്മദ് നജാഹ് ജില്ല പ്രവൃത്തിപരിചയ മേളയിൽ ഷീറ്റ് മെറ്റൽ വർക്സിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
ആനന്ദക്കാഴ്ചയായി പാവനിർമാണം
മണ്ണാർക്കാട്: കരവിരുതിന്റെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം പാവനിർമാണ മത്സരം കാണികളുടെ മനം കവർന്നു. പഞ്ഞിയോ സിന്തറ്റിക് കോട്ടണോ ഫോമോ നിറച്ച് നിർമിച്ച മൃദുവായ കളിപ്പാട്ടങ്ങളാണ് വിദ്യാർഥികൾ നിർമിച്ചത്. മീൻ, കരടി, താറാവ്, ആന, നായ, ആമ തുടങ്ങിയവയാണ് ഇവയിലേറെയും.
വിപണിയിൽ 50 രൂപ മുതൽ 1000 രൂപ വരെ വിലമതിക്കുന്ന ഇത്തരം കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിന് 20 രൂപ മുതൽ 700 രൂപ വരെയുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്.
അപ്പീലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്റ്റീയ
മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിലെ കളിമൺ നിർമാണ മത്സര വിധിനിർണയത്തിൽ നിരാശയായി മടങ്ങിയ പത്താം ക്ലാസുകാരി സ്റ്റീയ ആന്റണിക്ക് അപ്പീലിലൂടെ ഒന്നാം സ്ഥാനം. ‘വൃക്ഷത്തൈ നടുന്ന കുട്ടി’ വിഷയത്തിൽ സ്റ്റീയ നിർമിച്ച ശിൽപത്തിന് നേരത്തെ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. എറണാകുളം ജില്ലയിലെ തോപ്പുംപടി ഒ.എൽ.ജി.എച്ച്.എസ്.എസ് വിദ്യാർഥിയായ സ്റ്റീയ തനിക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന നിരാശയിൽ സമ്മാനം വാങ്ങാതെ വേദി വിട്ടിരുന്നു. ഇക്കാര്യം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.

