നാലുമാസം ജോലി ലീവാക്കി, വിജയശിൽപിയായി മണിക്കുട്ടൻ പണിയൻ
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം പണിയ നൃത്തത്തിൽ എ ഗ്രേഡ് നേടിയ കാസർകോട് മാലോത്ത് കസബ ജി. എച്ച്.എസ്.എസ് ടീം (ഇടത്ത്), മണിക്കുട്ടൻ പണിയൻ (വലത്ത്)
തൃശൂർ: സ്വന്തം സമുദായത്തിന്റെ അഭിമാന കലാരൂപമായ പണിയനൃത്തത്തെ അതിന്റെ തനത്ശൈലിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ മണിക്കുട്ടൻ പണിയൻ എടുത്ത ‘റിസ്ക്‘ വെറുതെയായില്ല. അസീം പ്രേംജി യൂനിവേഴ്സിറ്റി സോഷ്യോളജി വകുപ്പിന്റെ ഫീൽഡ് റിസർച്ച് അസിസ്റ്റന്റായ ഇദ്ദേഹം നാലുമാസത്തേക്ക് ജോലിയിൽ നിന്ന് ലീവെടുത്ത് ആറ് ടീമുകളെയാണ് പണിയനൃത്തം പരിശീലിപ്പിച്ചത്. ഇതിൽ അഞ്ച് ടീമുകൾ എ ഗ്രേഡും ഒരു ടീം ബി ഗ്രേഡും നേടി.
പണിയവിഭാഗത്തിൽ നിന്നുള്ള ആദ്യ എം.ബി.എ ബിരുദധാരി കൂടിയാണ് മണിക്കുട്ടൻ. ഏറെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന കലോത്സവത്തിൽ വേദിയൊരുക്കി കിട്ടിയപ്പോൾ കുറവൊന്നും വരാതെ തങ്ങളുടെ സ്വന്തം കലാരൂപത്തെ ഈ ലോകം അറിയണമെന്ന ഒരാഗ്രഹം മാത്രമേ മണികണ്ഠൻ എന്ന മണിക്കുട്ടൻ പണിയൻ്റെ മനസിലുണ്ടായിരുന്നുള്ളു.
പണിയൻ എന്ന സ്വത്വം പേരിനൊപ്പം മാത്രമല്ല, നെഞ്ചിലും ഏറ്റി നടക്കുന്ന മണിക്കുട്ടൻ അങ്ങനെ പണിയ നൃത്തത്തിലെ പെരുമയേറിയ ആശാനായി. കഴിഞ്ഞ വർഷം വയനാടിൻ്റെ സ്വന്തം ടീമുമായി എത്തിയപ്പോൾ, സംസ്ഥാന വേദിയിൽ പോലും പതർച്ചകളുമായി പണിയ നൃത്ത ചുവടുകൾ കാണേണ്ടി വന്ന സ്ഥിതി ഏറെ വേദനിപ്പിച്ചതോടെയാണ് മാറ്റം തേടി ഇത്തവണ സ്വയം ഇറങ്ങിത്തിരിച്ചത്.
തിളക്കമേറിയ മാണിക്യ കല്ലുകൾ പോലുള്ള ആറ് സംഘങ്ങളെയാണ് ഇതതവണ സംസ്ഥാന കലോത്സവത്തിന് എത്തിച്ചത്. കുട്ടിക്കാലം മുതൽ അറിയുന്ന തങ്ങളുടെ സ്വന്തം കലക്ക് ദക്ഷിണ എന്നപോൽ, മണിക്കുട്ടൻ മറ്റു ദേശങ്ങളിലും പണിയ നൃത്തത്തിൻ്റെ പെരുമ നിറക്കുകയായിരുന്നു.
എച്ച്.എസ് വിഭാഗത്തിൽ വയനാട്, തൃശൂർ, എറണാകുളം, എച്ച്.എസ്.എസ് വിഭാഗത്തിൽ തൃശൂർ, കോഴിക്കോട്, പാലക്കാട് ടീമുകളെ ആണ് മണിക്കുട്ടൻ ആശാൻ പരിശീലിപ്പിച്ചത്. ഇതിൽ എച്ച്.എസ് വിഭാഗം തൃശൂർ ബി ഗ്രേഡും ബാക്കി അഞ്ച് ടീമുകളും എ ഗ്രേഡും നേടി. വയനാടൻ പണിയ ശീലുകൾക്ക് സംസ്ഥാനത്ത് കൂടുതൽ തിളക്കം നൽകാൻ കഴിഞ്ഞതിൻ്റെ സംതൃപ്തിയിലാണ് മണിക്കുട്ടൻ പണിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

