കേന്ദ്ര മന്ത്രിമാരെ കാണാൻ സംസ്ഥാന മന്ത്രിമാർ ഡൽഹിയിൽ
text_fields
നേമം കോച്ചിംഗ് ടെർമിനലുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകും
തിരുവനന്തപുരം : കേന്ദ്ര മന്ത്രിമാരെ കാണാൻ തിരുവനന്തപുരത്തുനിന്നുള്ള മൂന്ന് മന്ത്രിമാർ ഡൽഹിയിൽ. നേമം കോച്ചിംഗ് ടെർമിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവൻകുട്ടി,അഡ്വ. ജി ആർ. അനിൽ, അഡ്വ. ആന്റണി രാജു തുടങ്ങിയവർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെയും വികസനം സംബന്ധിച്ച കാര്യങ്ങളും ഉൾക്കൊള്ളുന്ന നിവേദനം കേന്ദ്ര മന്ത്രിക്ക് സംസ്ഥാന മന്ത്രിമാർ കൈമാറും.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരെയും കാണും.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതൽ സഹായം, കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കൽ, ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്കുള്ള കൂടുതൽ സഹായം, സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കൈമാറും.
സ്ത്രീ തൊഴിലാളികൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിന് 1948ലെ ഫാക്ടറീസ് ആക്റ്റിന്റെ സെക്ഷൻ 66 ഭേദഗതി ചെയ്യുന്നതു സംബന്ധിച്ചും ക്ഷേമനിധി ബോർഡുകൾക്ക് ആദായനികുതി അളവ് നൽകുന്നതുമായി ബന്ധപ്പെട്ടും ഇഎസ്ഐ ഡിസ്പെൻസറികൾ കൂടുതൽ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചും തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് മന്ത്രി വി ശിവൻകുട്ടി നിവേദനം നൽകും.ഇന്നും(ജൂലൈ 28)നാളേയുമായാണ് കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

