കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമയുദ്ധത്തിന്; കടംവെട്ടിനെതിരെ കോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: വായ്പാപരിധിയിൽ കടുംവെട്ട് നടത്തിയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന് മുന്നോടിയായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിനോട് നിയമോപദേശം തേടാൻ അഡ്വക്കറ്റ് ജനറലിനോട് മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. കിഫ്ബിയും പൊതുമേഖല സ്ഥാപനങ്ങളും എടുത്ത കടം സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ധനകാര്യ കമീഷന്റെ തീർപ്പുപ്രകാരം ജി.ഡി.പി (മൊത്തം ആഭ്യന്തര ഉത്പാദനം)യുടെ മൂന്ന് ശതമാനം വായ്പയെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. പാർലമെന്റ് അംഗീകരിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ടിലും ഇക്കാര്യമുണ്ട്. എന്നാൽ, കേരളത്തിന് ജി.ഡി.പിയുടെ രണ്ട് ശതമാനത്തോളം വായ്പ എടുക്കാനേ അനുവദിക്കുന്നുള്ളൂവെന്നാണ് ആക്ഷേപം.
കേന്ദ്രസർക്കാറിൽനിന്ന് ലഭിച്ച കത്ത് പ്രകാരം 2023-24 സാമ്പത്തിക വർഷം പൊതുവിപണിയിൽനിന്ന് കടമെടുക്കാനുള്ള അനുമതി 20,521.33 കോടി രൂപ മാത്രമാണ്. സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസത്തേക്ക് 15,390 കോടി രൂപയും. ഇതിൽ 6000 കോടിയോളം ഇതിനകം വായ്പയെടുത്തു. അവശേഷിക്കുന്ന ഒമ്പതര മാസത്തേക്ക് പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ കഴിയുക 14,521 കോടി മാത്രം. ഇത് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. വിവിധ വിഭാഗങ്ങളിൽ വരുത്തിയ വെട്ടിക്കുറവും ബജറ്റിന് പുറത്തുള്ള കടമെടുപ്പും തട്ടിക്കിഴിച്ചാണ് കുറഞ്ഞ തുക കടമെടുപ്പിന് നിശ്ചയിച്ചത്. 15ാം ധനകാര്യ കമീഷൻ ശിപാർശ പ്രകാരം ശരാശരി കടമെടുപ്പ് പരിധി 32,442 കോടി രൂപയാണ്.
വായ്പ വെട്ടിക്കുറക്കുന്നതിൽ കേന്ദ്രത്തിനെതിരായ നിയമനടപടി അനിവാര്യമാണെന്നും വ്യവഹാരത്തിനു പുറത്തുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്താൻ സംസ്ഥാനം ശ്രമിച്ചെന്നും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. പ്രധാനമന്ത്രിക്ക് നൽകിയ മെമ്മോറാണ്ടത്തിനുള്ള മറുപടി നിഷേധാത്മകമാണ്. സ്വതന്ത്ര ഇന്ത്യയിൽ ഫെഡറൽ സംവിധാനം സംബന്ധിച്ച സുപ്രധാന നിയമയുദ്ധമാകും ഇത്. കേന്ദ്ര സർക്കാറിന് ഇത്തരത്തിൽ വായ്പാപരിധി വെട്ടിക്കുറക്കാൻ അവകാശമുണ്ടോ എന്നതാണ് ചോദ്യം. കിഫ്ബിയെടുക്കുന്ന വായ്പ ഓഫ് ബജറ്റ് വായ്പയാണെന്ന് അംഗീകരിച്ചാൽപോലും അത് എങ്ങനെ സർക്കാറിന്റെ പൊതുകടത്തിന്റെ ഭാഗമാകും? കേന്ദ്രം ഇത്തരമൊരു നടപടിക്രമമല്ല അനുവർത്തിക്കുന്നത്.
അവർ ഓഫ് ബജറ്ററി വായ്പകൾ പൊതുകടത്തിലോ ധനക്കമ്മിയിലോ ഉൾപ്പെടുത്തുന്നില്ല. ഈ ഇരട്ടത്താപ്പ് നയം കേരളത്തിന്റെ കുതിപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഡോ. ഐസക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

