തടവുകാരെക്കൊണ്ട് വീർപ്പുമുട്ടി സംസ്ഥാനത്തെ ജയിലുകൾ
text_fieldsതൊടുപുഴ: സംസ്ഥാനത്തെ ജയിലുകൾ തടവുകാരെക്കൊണ്ട് വീർപ്പുമുട്ടുന്നു. അംഗീകൃത പാർപ്പിട ശേഷിയേക്കാൾ ആയിരക്കണക്കിന് അധികം തടവുകാരാണ് ജയിലുകളിലുള്ളത്. ജയിലുകളുടെ അംഗീകൃത പാർപ്പിട ശേഷി 7877 ആണെങ്കിലും നിലവിൽ 9684 തടവുകാരാണുള്ളത്. ശേഷിയേക്കാൾ 1807 പേർ കൂടുതലാണ്. ഓപറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരിവസ്തുക്കളുമായി പിടിയിലാവുന്നവർ കൂടിയതോടെ കേസുകളും ജയിലിലാവുന്നവരുടെ എണ്ണവും കൂടുകയാണ്. വിചാരണയും മറ്റ് നിയമനടപടികളും നീളുന്നത് മൂലവും പ്രതികളെ ജയിലിൽ പാർപ്പിക്കേണ്ട അവസ്ഥയുണ്ട്.
അതേസമയം, ജയിൽ ജീവനക്കാരുടെ അഭാവവും വെല്ലുവിളിയാണ്. വിവിധ ജയിലുകളിലായി ജീവനക്കാരുടെ 300 മുതൽ 500 വരെ ഒഴിവുകളാണ് നിലവിലുള്ളത്. അന്തേവാസികളുടെ നേരിട്ടുള്ള മേൽനോട്ട ചുമതലയുള്ള അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർ-ഡെപ്യൂട്ടി പ്രിസൺ ഓഫിസർ തസ്തികകളിലായി ആകെ 1756 തസ്തികകൾ മാത്രമാണ് നിലവിലുള്ളത്. പലപ്പോഴും ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ താൽക്കാലിക സുരക്ഷ ജീവനക്കാരെയടക്കം നിയോഗിക്കുന്നുണ്ട്. നിലവിലുള്ള ജീവനക്കാരെ അധിക ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്യുന്നു.
തടവുകാരുടെ പെരുപ്പം കുറക്കാൻ സംസ്ഥാനത്ത് നാലാമത് സെൻട്രൽ ജയിൽ സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജയിലുകളിൽ കൂടുതൽ സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുക, കോടതികളെയും ജയിലുകളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ് സൗകര്യങ്ങൾ ഒരുക്കുക, പവർ ഫെൻസിങ് സ്ഥാപിക്കുക തുടങ്ങിയ നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

