വീടിനുള്ള ആനുകൂല്യം; മാനദണ്ഡം അശാസ്ത്രീയമെന്ന് ആക്ഷേപം
text_fieldsകോഴിക്കോട്: താഴ്ന്ന-ശരാശരി വരുമാനക്കാർക്ക് (എൽ.ഐ.ജി/എം.ഐ.ജി) സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ പദ്ധതിയിൽ ഗുണഭോക്താവിനെ തിരഞ്ഞെടുക്കൽ അശാസ്ത്രീയമെന്ന് ആക്ഷേപം. അർഹരായവർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകില്ലെന്നാണ് ആശങ്ക. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ പദ്ധതിയായ ‘ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം’ പ്രകാരം ഒരു വീടിന് മൂന്നുലക്ഷം രൂപ സബ്സിഡി നൽകുന്ന പദ്ധതിക്ക് മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതിൽ വിവേചനമുണ്ടാകുമെന്നാണ് ആശങ്ക.
200 വീടുകൾക്ക് സബ്സിഡി വിതരണം ചെയ്യാൻ 2024-25 സാമ്പത്തിക വർഷത്തിൽ ആറു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അർഹരായവർ നൂറുകണക്കിനുള്ളതിനാൽ മാനദണ്ഡങ്ങളിൽ വിവേചനമുണ്ടാകുമെന്നാണ് ആക്ഷേപം. ദേശസാത്കൃത ബാങ്കിൽനിന്ന് ഭവന വായ്പയെടുത്ത താഴ്ന്ന-ശരാശരി വരുമാനക്കാർക്കാണ് സബ്സിഡി ആനുകൂല്യം. മൂന്നുലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ. ഫണ്ട് നൽകൽ യഥാർഥ ആവശ്യകതയെ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് നിർദേശമുണ്ടെങ്കിലും ആവശ്യകത സംബന്ധിച്ച് ഏകീകൃത മാനദണ്ഡമില്ലാത്തത് പക്ഷപാതത്തിനിടയാക്കുമെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്.
ഉദ്യോഗസ്ഥരിലുള്ള സ്വാധീനം ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനിക്കുമെന്നും ആശങ്കയുയർന്നിട്ടുണ്ട്. കുറഞ്ഞത് മൂന്നു സെന്റ് ഭൂമിയുള്ള താഴ്ന്ന-ശരാശരി വിഭാഗത്തിൽപെട്ടവർക്ക് വീടിന്റെ ആകെ നിർമാണ ചെലവിന്റെ 25 ശതമാനം സർക്കാർ സബ്സിഡിയും 75 ശതമാനം ഗുണഭോക്തൃ വിഹിതവുമായി കണക്കാക്കുന്ന പദ്ധതിയിൽ സബ്സിഡി മൂന്നു ലക്ഷം രൂപയാണ്. സംസ്ഥാന ഹൗസിങ് ബോർഡിന്റെ നിരീക്ഷണത്തിൽ പദ്ധതി നടപ്പാക്കാനാണ് നിർദേശം.
അതേസമയം, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ ഏറെ സങ്കീർണമാകുമെന്നത് അടിസ്ഥാനരഹിതമാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കെ.എസ്.എച്ച്.ബി പുരോഗതി നിരീക്ഷിക്കും. നിർമാണച്ചെലവിന്റെ 25 ശതമാനം അല്ലെങ്കിൽ മൂന്നു ലക്ഷം രൂപ ഏതാണ് കുറവ് അതായിരിക്കും സബ്സിഡി തുകയെന്നും മാനദണ്ഡങ്ങൾക്ക് ഏകീകൃത സ്വഭാവമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

