സംസ്ഥാന ഭിന്നശേഷി പുരസ്കാരം; ആസിം വെളിമണ്ണയുടേത് അർഹതയുടെ അംഗീകാരം
text_fieldsആസിം വെളിമണ്ണ
ഓമശ്ശേരി: ശാരീരിക പരിമിതി ജീവിത വിജയത്തിനു തടസിമല്ലെന്നു തെളിയിച്ച മുഹമ്മദ് ആസിമിനു ഭിന്നശേഷി പുരസ്കാരം ലഭിച്ചത് അർഹതക്കുള്ള അംഗീകാരമായി. വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിമിനു 90 ശതമാനം വൈകല്യം ഉണ്ട്. ഇരു കൈകളുമില്ല. കാലിനു സ്വാധീനക്കുറവും ഉണ്ട്. താൻ പഠിച്ച സർക്കാർ ലോവർ പ്രൈമറി സ്കൂളിനെ അപ്പർപ്രൈമറി ആക്കുവാനുള്ള പോരാട്ടത്തിലൂടെയാണ് ആസിം ശ്രദ്ധേയനായത്. എന്നാൽ യു.പി സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനായി നീണ്ട കാലം സമരം നയിച്ചെങ്കിലും നടന്നില്ല. വിദൂരത്തുള്ള എളേറ്റിൽ എം.ജെ ഹൈസ്കൂളിൽനിന്ന് 18ാം വയസ്സിൽ പത്താം തരം പാസായി ഹൈസ്കൂൾ ലഭിക്കാത്തതിനു പ്രതികാരം വീട്ടി.
2021ൽ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ചിൽഡ്രൻസ് പീസ് പ്രൈസിൽ ഫൈനലിസ്റ്റായി. കേരള സംസ്ഥാന പാരാലിംപിക്സിൽ ലോങ് ജംപ് മത്സരത്തിൽ സ്വർണമെഡൽ നേടി. നീന്തലറിയാത്തതിനാൽ ആരും മുങ്ങിമരിക്കരുതെന്ന സന്ദേശം സമൂഹത്തിനു പകർന്നുകൊണ്ട് നിറഞ്ഞൊഴുകുന്ന പെരിയാർ ഒരുമണിക്കൂർ ഒരു മിനിറ്റിൽ നീന്തിക്കയറി. ഗോവയിൽ നടന്ന ദേശീയ പാരാസ്വിമ്മിങ്ങിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയിരുന്നു.
ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യൻബുക്ക് ഓഫ് റെക്കോഡ്, വേൾഡ്റെക്കോർഡ്സ് യൂനിയൻ എന്നിവയിൽ ഇടം നേടി. കേരള ഗവൺമെന്റിന്റെ ഉജ്വലബാല്യം പുരസ്കാരം, യൂനിസെഫിന്റെ ചൈൽഡ് അച്ചീവർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വെളിമണ്ണ മുഹമ്മദ് സഈദ്, ജംസീന എന്നിവരുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

