പണം നൽകുന്നില്ല, സംസ്ഥാന കടാശ്വാസ കമീഷനും കടത്തിൽ
text_fieldsതിരുവനന്തപുരം: കടക്കെണിയിൽപെട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം കണ്ടെത്താനാകാതെ, കടാശ്വാസ കമീഷൻ പ്രതിസന്ധിയിൽ. ഇതുവരെ 711 കോടി ധനസഹായം ശിപാർശ ചെയ്തെങ്കിലും സർക്കാർ നൽകിയത് 301 കോടി മാത്രം. 410 കോടി കടത്തിലാണെന്നും വിവരാവകാശ രേഖക്കുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. വിവിധ ബജറ്റുകളിലായി നീക്കിവെച്ചതാകട്ടെ, 453.86 കോടിയും. കമീഷൻ രൂപവത്കൃതമായ ആദ്യവർഷമായ 2007-2008 ൽ 4139 പേർക്കായി 1.58 കോടിയാണ് കമീഷൻ ശിപാർശ ചെയ്തത്. 129.5 കോടി ബജറ്റിൽ ഉൾക്കൊള്ളിച്ചെങ്കിലും ആ വർഷം കൊടുത്തില്ല. അടുത്ത വർഷം അതുകൂടി ചേർത്ത് നൽകുകയായിരുന്നു.
എന്നാൽ, തുടർന്നുള്ള മിക്ക വർഷങ്ങളിലും ശിപാർശ ചെയ്യുന്ന തുക മുഴുവൻ നൽകാൻ സർക്കാർ തയാറായില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തുക മുടക്കിയത്. എന്നാൽ, ശമ്പളധൂർത്തിൽ ഒട്ടും പിന്നിലല്ല കമീഷൻ. കടക്കെണിയിലായ കർഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2008 ൽ ആണ് രൂപം നൽകിയത്. ഹൈകോടതി ജഡ്ജിക്ക് തുല്യപദവിയുള്ള വ്യക്തിയാണ് കമീഷൻ ചെയർമാൻ. എന്നാൽ, കമീഷൻ തുടങ്ങിയ 2008 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷത്തെ കണക്ക് പരിശോധിച്ചാൽ കർഷകർക്ക് അത്ര ആശ്വാസകരമല്ലെന്നാണ് രാജുവാഴക്കാലക്ക് ലഭിച്ച വിവരാവകാശ രേഖ മറുപടിയിൽ വ്യക്തമാക്കുന്നത്.
18 വർഷത്തിനിടെ, 5.5 ലക്ഷത്തോളം അപേക്ഷകൾ തീർപ്പാക്കിയെന്നാണ് രേഖ. 2018ലെ പ്രളയത്തെ തുടർന്നുള്ള അപേക്ഷകളിൽ തൊട്ടടുത്ത വർഷം 113.19 കോടി ശിപാർശ ചെയ്തെങ്കിലും 13.48 കോടിയാണ് അനുവദിച്ചത്. 2022-23ൽ 136.83 കോടി ശിപാർശ ചെയ്തപ്പോൾ, 22,489 പേർക്കായി 34.90 കോടി നൽകിയതാണ് ഏറ്റവും ഉയർന്ന തുക.
സഹ. ബാങ്കുകളിലും സംഘങ്ങളിലും വായ്പാ കുടിശ്ശികയുള്ള, നാല് ഹെക്ടറിലധികം ഭൂമിയില്ലാത്തവർക്കും രണ്ടുലക്ഷത്തിൽ കുറവ് വാർഷിക വരുമാനമുള്ളവർക്കുമാണ് കടാശ്വാസത്തിന് അർഹത. പരമാവധി രണ്ടുലക്ഷം രൂപവരെ ലഭിക്കും. കർഷകർക്കുള്ള കടാശ്വാസത്തിന്റെ കാര്യത്തിൽ കൈമലർത്തുന്ന കമീഷൻ, ജീവനക്കാർക്കുള്ള ശമ്പളകാര്യത്തിൽ ധൂർത്ത് തുടരുകയാണ്. യാത്രാബത്തയടക്കം ഭീമമായ തുകയും ചെലവഴിക്കുന്ന കണക്കുകളും പുറത്തുവന്ന രേഖയിലുണ്ട്. ചെയർമാനടക്കം ഏഴുപേരാണ് അംഗങ്ങൾ. ചെയർമാന് മാത്രമായി പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ ആറ് ജീവനക്കാരുണ്ട്. ആകെ 36 പേരാണ് ജീവനക്കാർ. ഇവർക്ക് ശമ്പളത്തിനായി മാത്രം സർക്കാർ ചെലവഴിക്കുന്നതാകട്ടെ, 1.5 കോടി രൂപയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.