ഫണ്ട് തിരിമറി ആരോപണങ്ങളിൽ നാണംകെട്ട് സംസ്ഥാന ബി.ജെ.പി
text_fieldsതിരുവനന്തപുരം: അയോധ്യ സംഭാവനക്കൊള്ളയിൽ നാണംകെട്ട ബി.ജെ.പിക്ക് കൂനിന്മേൽ കുരുവായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ. ദിവസംതോറും പുറത്തുവരുന്ന ക്രമക്കേട് ആക്ഷേപങ്ങൾ സംസ്ഥാന നേതൃത്വത്തെ അക്ഷരാർഥത്തിൽ നാണംകെടുത്തുന്നു. കേട്ടുകേൾവിയില്ലാത്ത തിരിമറിയും ക്രമക്കേടുമാണ് ഇപ്പോൾ നടക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ ആരോപിക്കുന്നു. മുമ്പ് നടന്ന ക്രമക്കേടുകളുൾപ്പെടെ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിദേശത്താണ്. 17ന് അദ്ദേഹം മടങ്ങിയെത്തിയാലുടൻ കോർ കമ്മിറ്റി യോഗം വിളിക്കണമെന്ന് ആവശ്യമുയരുന്നു. 19 നോ 20 നോ കോർ കമ്മിറ്റി യോഗം ചേരുമെന്നാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ക്രമക്കേട് നടന്നെന്നും സംസ്ഥാന കാര്യാലയമായ മാരാർജിഭവൻ കേന്ദ്രീകരിച്ചാണ് ഇതിനുള്ള ചുക്കാൻ പിടിച്ചതെന്നുമുള്ള ആക്ഷേപമാണ് പാർട്ടിയിലെ ഒരുവിഭാഗം ഉയർത്തുന്നത്. പ്രചാരണത്തിന് ഹെലികോപ്ടർ വാടകക്കെടുത്തതിലും കൊടി, പോസ്റ്റർ, തൊപ്പി ഉൾപ്പെടെ തയാറാക്കിയതിലും ക്രമക്കേട് നടന്നെന്നാണ് ആക്ഷേപം.
മുൻകാലങ്ങളിൽ ഹെലികോപ്ടർ വാടകക്കെടുത്തതിലും അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചു. 2021ലും ’24ലും വലിയ തുക നൽകി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തെന്ന് ആക്ഷേപമുണ്ട്. മണിക്കൂറിന് 3.4 ലക്ഷം നൽകിയാണ് അന്ന് വാടകക്കെടുത്തെന്നും ഇത്തവണ മണിക്കൂറിന് 2.7 ലക്ഷം രൂപയായിരുന്നു വാടകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തവണ ഒരു ഹെലികോപ്റ്റർ വാടകക്കെടുക്കാനായിരുന്നു തീരുമാനം.
ക്വട്ടേഷൻ ക്ഷണിച്ച് 2.7 ലക്ഷം വാടകക്ക് കരാർ നൽകി. പിന്നാലെ സംസ്ഥാനകമ്മിറ്റി ഓഫിസിലെ പ്രമുഖൻ ഇതേ വാടകക്ക് മറ്റൊരു ഹെലികോപ്റ്ററിനുകൂടി കരാർ നൽകി. ഇത് കേന്ദ്ര പ്രതിനിധി കണ്ടെത്തി തടഞ്ഞത്രെ. എന്നാൽ, പറക്കാത്ത ഹെലികോപ്ടറിന്റെ വാടക ഇനത്തിൽ ലക്ഷങ്ങൾ എഴുതിയെടുത്തെന്നാണ് ആക്ഷേപം. കൊടി, ഷാൾ, തൊപ്പി, ബാഡ്ജ്, കട്ടൗട്ട് മുതലായവക്ക് ടെൻഡർ നൽകാൻ നേതാക്കൾ ഇടപെട്ട് വ്യാജ കമ്പനി രജിസ്റ്റർ ചെയ്തെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

