തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് വർണാഭ തുടക്കം
text_fieldsതിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭം കലോത്സവം നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യുന്നു
തിരൂർ: ജീവിതാനുഭവങ്ങളില്ലാത്തവർ അക്ഷരം പഠിച്ചിട്ട് കാര്യമില്ലെന്നും ജീവിതാനുഭവങ്ങളാണ് എഴുത്തുകാരെ സൃഷ്ടിക്കുന്നതെന്നും അതിന് ഉദാഹരണമാണ് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ജീവിതമെന്നും നടൻ വി.കെ. ശ്രീരാമൻ പറഞ്ഞു. തിരൂർ തുഞ്ചൻ പറമ്പിൽ ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.കെ. ശ്രീരാമൻ. അറിവില്ലാത്ത ചിലരാണ് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നും അക്ഷരങ്ങൾ അറിഞ്ഞാൽ പോര വിവേകവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമുക്ക് ഇനിയും പലതും നേടാനുണ്ടാവാം, എന്നാൽ മാനവികതയെ നിലനിർത്താനാവണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ പറഞ്ഞു. ആലങ്കോട് ലീലാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ എന്നിവർ സംസാരിച്ചു. തുടർന്ന് ഷാജി കുഞ്ഞൻ അവതരിപ്പിച്ച ഗസൽസന്ധ്യയും മഞ്ജു വി. നായരും സംഘത്തിന്റെയും ഭരതനാട്യവും അരങ്ങേറി.
ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെയാണ് തുഞ്ചൻ വിദ്യാരംഭം കലോത്സവം നടക്കുന്നത്. കുട്ടികളുടെ വിദ്യാരംഭവും കവികളുടെ വിദ്യാരംഭവും വിജയദശമി ദിവസമായ ഒക്ടോബർ അഞ്ചിന് നടക്കും. ഞായറാഴ്ച വൈകീട്ട് 5.30ന് വയലിൻസോളോയും ഏഴിന് സർഗവിരുന്നും ഒമ്പതിന് നൃത്തനൃത്യങ്ങളും അരങ്ങേറും. തിങ്കളാഴ്ച വൈകീട്ട് 5.30ന് കൃഷ്ണൻ പച്ചാട്ടിരിയും ഗോപി മണമ്മലും സംഘവും അവതരിപ്പിക്കുന്ന കളേഴ്സ് ഓഫ് സോളോയും ഏഴിന് നൃത്താർച്ചനയും 8.30ന് നൃത്തനൃത്ത്യങ്ങളും അരങ്ങേറും.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് മയൂരനൃത്തങ്ങൾ, 6.30ന് നൃത്തനൃത്യങ്ങൾ, എട്ടിന് സംഗീതവിരുന്ന് എന്നിവ അരങ്ങേറും. സമാപന ദിവസമായ ബുധനാഴ്ച രാവിലെ അഞ്ചിന് തുഞ്ചൻസ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും കുട്ടികളുടെ വിദ്യാരംഭം ആരംഭിക്കും. 9.30ന് കവികളുടെ വിദ്യാരംഭവും വൈകീട്ട് 5.30ന് ഡോ എൽ. ശ്രീരഞ്ജിനി അവതരിപ്പിക്കുന്ന കർണാടക സംഗീത വിരുന്നും 7.30 ന് രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക് തിരൂർ അവതരിപ്പിക്കുന്ന ത്യാഗരാജസ്വാമികളുടെ ഉത്സവ സമ്പ്രദായ കൃതികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

