തച്ചങ്കരിയുടെ കാറിലെ ‘നക്ഷത്രങ്ങൾ‘: ഡി.ജി.പി റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി സ്വകാര്യ കാറിൽ നക്ഷത്രചിഹ്നമുള്ള ബോർഡ് വെച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം എസ്.പിക്ക് സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ നിർദേശം നൽകി. വിരമിച്ചശേഷവും ഡി.ജി.പി റാങ്കിന് തുല്യമായ നക്ഷത്രചിഹ്നം കാറിൽ പതിച്ചത് ചട്ടലംഘനമാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തച്ചങ്കരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള പരാതിയും ഡി.ജി.പിക്കും പൊലീസിനും മുന്നിലുണ്ട്. ആ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നടപടി.
പൊലീസിലെ ഡി.ജി.പി, എ.ഡി.ജി.പി റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ വാഹനങ്ങളിൽ പതിക്കുന്ന ചിഹ്നം സ്വകാര്യ കാറിൽ ഉപയോഗിക്കുന്നത് പലരീതിയിലുള്ള നിയമലംഘനങ്ങൾക്കും കാരണമായേക്കാമെന്ന് സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മൂന്നുവർഷംമുമ്പ് സർവിസിൽനിന്ന് വിരമിച്ച വ്യക്തി ഇപ്പോഴും സ്വകാര്യവാഹനത്തിൽ നക്ഷത്ര ചിഹ്നം ഉപയോഗിക്കുന്നത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആക്ഷേപവുമുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിലെ നക്ഷത്രചിഹ്നം ശ്രദ്ധയിൽപെട്ടത്. അതിന്റെ അടിസ്ഥാനത്തിൽ പലരും ചോദ്യങ്ങൾ ഉന്നയിച്ചു. ഡ്രൈവർക്ക് പറ്റിയ അബദ്ധമെന്ന് പറഞ്ഞ് തച്ചങ്കരി ഒഴിഞ്ഞുമാറി. സംഭവം വിവാദമായ സാഹചര്യത്തിലാണ് ഡി.ജി.പി റിപ്പോർട്ട് തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

