മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യാന്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും- വീണാ ജോര്‍ജ്
text_fieldsകോഴിക്കോട് : ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കിയത്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണം.
ആശുപത്രിയിലെ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം. റഫര്‍ ചെയ്യുമ്പോള്‍ കൃത്യമായ കാരണം ഉണ്ടായിരിക്കണം. എന്തിന് റഫര്‍ ചെയ്യുന്നു എന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ച് മാത്രമേ റഫര്‍ അനുവദിക്കുകയുള്ളൂ. ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ ഉണ്ടായിരിക്കും.
നല്‍കിയ ചികിത്സയും റഫര്‍ ചെയ്യാനുള്ള കാരണവും അതില്‍ വ്യക്തമാക്കിയിരിക്കണം. മാസത്തിലൊരിക്കല്‍ ആശുപത്രി തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇത് പരിശോധിക്കും. ഒരു രോഗിയെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്താല്‍ അക്കാര്യം മെഡിക്കല്‍ കോളജിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചിരിക്കണം. ഐ.സി.യു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കി വേണം റഫര്‍ ചെയ്യേണ്ടത്. ഇതിലൂടെ മെഡിക്കല്‍ കോളജിലും കാലതാമസമില്ലാതെ ചികിത്സ ലഭ്യമാകുന്നു.
നിലവില്‍ താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാണ്. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മുതല്‍ ഇ സഞ്ജീനവനി ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാണ്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യുന്നതിലൂടെ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
മാത്രമല്ല അതീവ വിദഗ്ധ പരിചരണം ആവശ്യമുള്ളതും അല്ലാത്തതുമായ രോഗികള്‍ അധികമായി എത്തുമ്പോള്‍ മെഡിക്കല്‍ കോളജുകളുടെ താളം തെറ്റും. ഇങ്ങനെ റഫറല്‍ സംവിധാനം ശക്തമാക്കുന്നതോടെ രോഗികള്‍ക്ക് കാലതാമസം കൂടാതെ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാവും. ഇതോടൊപ്പം മെഡിക്കല്‍ കോളജുകളിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സമയബന്ധിതമായി നന്നായി പരിചരിക്കാനും കഴിയും. മാത്രമല്ല മെഡിക്കല്‍ കോളജുകള്‍ക്ക് ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാനും കഴിയുന്നതാണ്.
ഇതോടൊപ്പം ബാക്ക് റഫറല്‍ സംവിധാനവും ശക്തിപ്പെടുത്തും. മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളില്‍ ബാക്ക് റഫര്‍ ചെയ്യുന്നതാണ്. ഇതിലൂടെയും മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറയ്ക്കാനും രോഗികളുടെ ബന്ധുക്കള്‍ക്ക് അധികദൂരം യാത്ര ചെയ്യാതെ തുടര്‍ ചികിത്സ ഉറപ്പാക്കാനും സാധിക്കുന്നു. ബാക്ക് റഫറലിന് വേണ്ടിയുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

