ഉപാധികളില്ലാതെ ഫലസ്തീൻ പോരാട്ടങ്ങൾക്കൊപ്പം നിലയുറപ്പിക്കുക -എസ്.ഐ.ഒ
text_fieldsകൊച്ചി: ഫലസ്തീൻ പോരാട്ടങ്ങൾക്കൊപ്പം നിലയുറപ്പിക്കുക എന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനമായ രാഷ്ട്രീയ പ്രവർത്തനമെന്ന് ഡോ. ജിന്‍റോ ജോൺ. എസ്.ഐ.ഒ കേരള 'പ്രതിരോധത്തിന്‍റെ പ്രളയം' തൂഫാനുൽ അഖ്സക്ക് രണ്ട് വർഷം എന്ന തലക്കെട്ടിൽ ഫോർട്ട് കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകൾ പിന്നിടുന്ന ഫലസ്തീൻ വിമോചന പോരാട്ട ചരിത്രത്തിലെ നിർണായക അധ്യായങ്ങളിലൊന്നാണ് 2023 ഒക്ടോബർ ഏഴിന് നടന്ന തൂഫാനുൽ അഖ്സയെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. അബ്ദുൽ വാഹിദ് അഭിപ്രായപ്പെട്ടു. മധ്യസ്ഥ ചർച്ചകൾക്കിടയിലും അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും കാറ്റിൽ പറത്തി ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ മുഴുവൻ ജനങ്ങളും നിരുപാധികം ഫലസ്തീനോടൊപ്പം നിൽക്കണമെന്ന് നടിയും സാമൂഹ്യപ്രവർത്തകയുമായ ലാലി പി.എം പറഞ്ഞു.
സംഗമത്തിന്‍റെ ഭാഗമായി ഫലസ്തീൻ ഐക്യദാർഡ്യ ഗാനാലാപനങ്ങളും കലാ പ്രകടനങ്ങളും അരങ്ങേറി. ഫലസ്തീൻ വംശഹത്യയുടെ നേർക്കാഴ്ചകൾ പങ്കുവെക്കുന്ന പ്രദർശനം ശ്രദ്ധേയമായി.
ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഫാത്തിമ തസ്നീം, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, എറണാകുളം ജില്ല സെക്രട്ടറി അഡ്വ. സി. പി മുഹമ്മദ്, കൊച്ചി സിറ്റി സെക്രട്ടറി സുഹൈൽ ഹാഷിം, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, സംസ്ഥാന സമിതിയംഗം സ്വലീൽ ഫലാഹി, ജില്ല പ്രസിഡന്‍റ് അൻസഫ് കെ. അമീൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

