തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്തിന്‍െറ ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവക്ക് മുദ്രപ്പത്രവിലയില്‍ ഏര്‍പ്പെടുത്തിയ വര്‍ധന ഭാഗികമായി പിന്‍വലിച്ചു. ധനകാര്യബില്‍ ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചേക്കര്‍ വരെ പരമാവധി ആയിരം രൂപ നല്‍കിയാല്‍ മതി. അതേസമയം, അതിനുമുകളില്‍ ഒരു ശതമാനം ഫീസ് നല്‍കേണ്ടി വരും. ഇത് പൂര്‍ണമായും പഴയ സ്ഥിതിയിലാക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. സബ്ജക്ട് കമ്മിറ്റിയില്‍ അംഗീകരിച്ച ഇളവുകള്‍ മാത്രമേ നല്‍കൂവെന്ന് മന്ത്രി വ്യക്തമാക്കി. പാരമ്പര്യമായി കിട്ടിയ ആസ്തിയോടൊപ്പം ബാധ്യതയും സഹിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാ അസമത്വത്തിന്‍െറയും പ്രധാന കാരണം പാരമ്പര്യസ്വത്താണെന്ന നിലപാടാണ് ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും എല്ലാക്കാലത്തും എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വര്‍ഷം പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുള്ള ഹരിതനികുതിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി വാഹനങ്ങളെ ഒഴിവാക്കും. ഒറ്റ നമ്പര്‍ ലോട്ടറി കേസില്‍ ക്രമക്കേട് കാട്ടിയ മഞ്ജു ലോട്ടറി ഏജന്‍സീസിന്‍െറ ലൈസന്‍സ് റദ്ദ് ചെയ്യും. ബ്രാന്‍ഡഡ് ഭക്ഷണസാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫാറ്റ് ടാക്സ് വരുമാനത്തേക്കാളുപരി ഗുണപരമായ ചര്‍ച്ചക്കിടയാക്കുകയാണ് ചെയ്തത്. ലോകാരോഗ്യസംഘടനവരെ ഇത് ചര്‍ച്ച ചെയ്തു. ഇതുവഴി പരമാവധി ഏഴുകോടി അധിക വരുമാനമേ ഉണ്ടാകൂ. അതേസമയം, ബ്രാന്‍ഡഡ് ഭക്ഷണങ്ങളുടെ പേരിലുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണ്. റസ്റ്റാറന്‍റുകളില്‍ നാല് ബ്രാന്‍ഡുകള്‍ക്ക് മാത്രമേ അധികനികുതി ഉണ്ടാവൂ. കൈത്തറിവസ്തുക്കളുടെ നികുതിയില്‍ നിന്നുള്ള അധിക വരുമാനം നെയ്ത്തുകാര്‍ക്ക് സബ്സിഡിയായി നല്‍കും.
കര്‍ണാടകത്തിലെ കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് വീണ്ടും നികുതി ഈടാക്കുന്നത് കര്‍ണാടക സര്‍ക്കാറുമായി ചര്‍ച്ച ചെയ്യും. സ്വര്‍ണത്തിന്‍െറ വാങ്ങല്‍നികുതി പിന്‍വലിക്കുന്നതില്‍ പെട്ടെന്നൊരു തീരുമാനമെടുക്കാനാവില്ല. പ്രതിപക്ഷം ഐകകണ്ഠ്യേന ആവശ്യപ്പെടുകയാണെങ്കില്‍ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അടുത്തസമ്മേളനത്തില്‍ തീരുമാനിക്കാം.
ഫ്ളാറ്റ് കൈമാറ്റം ചെയ്യുമ്പോഴെല്ലാം വിലനിര്‍ണയത്തിനുള്ള അംഗീകാരം വേണമെന്ന നിബന്ധന എടുത്തുകളയണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സ്വകാര്യ എന്‍ജിനീയര്‍ക്ക് പോലും സാക്ഷ്യപത്രം നല്‍കാന്‍ അധികാരമുള്ളതിനാല്‍ നടപടിക്രമത്തില്‍ ഭേദഗതി വരുത്താനാവില്ല. പുതിയസര്‍ക്കാര്‍ അടിസ്ഥാനപരമായ ഒരുകാര്യവും ചെയ്തില്ളെന്ന വിമര്‍ശനവും മന്ത്രി തള്ളി. 3200 കോടിയാണ് സര്‍ക്കാര്‍ സാമൂഹികക്ഷേമ പെന്‍ഷനായി കൊടുത്തത്. നിലവിലുള്ളതിനേക്കാള്‍ 50 ശതമാനം അധികം സൗജന്യറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്തു. സമ്പൂര്‍ണ ഒ.ഡി.എഫ് സംസ്ഥാനമായി പ്രഖ്യാപിച്ചു. കിഫ്ബി വഴി 4000 കോടിയുടെ പദ്ധതി അംഗീകരിച്ചു. കയര്‍, കശുവണ്ടി ഫാക്ടറികള്‍ തുറന്നു. 200 ദിവസം കുറഞ്ഞ തൊഴില്‍ദിനം വാഗ്ദാനം ചെയ്തു.
ഇതൊക്കെ സര്‍ക്കാറിന്‍െറ നേട്ടമാണ്. പുതിയ ഇളവുകളോടെ ബജറ്റില്‍ പ്രഖ്യാപിച്ച 804 കോടിയുടെ അധിക വിഭവസമാഹരണത്തില്‍ നിന്ന് 300 കോടിയുടെ കുറവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.