സമഗ്ര ഉന്നതിക്കായി വിവിധ പദ്ധതികൾ അവതരിപ്പിച്ച് പട്ടികജാതി വികസന വകുപ്പിന്റെ സ്റ്റാൾ
text_fieldsകൊച്ചി: വിവിധ ക്ഷേമ പദ്ധതികളിലൂടെ പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനത്തിന് ഒരുങ്ങുകയാണ് പട്ടികജാതി വികസന വകുപ്പ്. പട്ടികജാതി കോളനികളുടെ നവീകരണം ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമ പദ്ധതിയുടെ മാതൃകയാണ് സ്റ്റാളിലെ മുഖ്യ ആകർഷണം.
അംബേദ്കർ ഗ്രാമ പദ്ധതി വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരണങ്ങൾ വ്യക്തമായി മനസ്സിലാക്കുന്ന രീതിയിലാണ് മാതൃക തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ നവീകരിക്കുന്ന വീടുകൾ, കിണർ, കമ്മ്യൂണിറ്റി ഹാൾ, ഓപ്പൺ കളിസ്ഥലം എന്നിവ വളരെ ആകർഷണീയമായ രീതിയിൽ മാതൃകയിൽ ഒരുക്കിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിന്റെ ഉന്നതിക്കായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തളിർത്തു നിൽക്കുന്ന മരമായിട്ടാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ സേവനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി മികച്ച ഉദ്യോഗസ്ഥരുടെ സഹായവും സ്റ്റാളിൽ ലഭ്യമാണ്.
പട്ടികജാതി വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ലഭ്യമാകുന്ന വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക വികസന-സാമൂഹ്യ സുരക്ഷ- പ്രാദേശിക വികസന-സാംസ്കാരിക പദ്ധതികളെക്കുറിച്ചുള്ള സമഗ്രമായ അറിവ് സ്റ്റാളിൽ നിന്നും ലഭ്യമാണ്. പട്ടികജാതി വികസന ഓഫീസിന് കീഴിലുള്ള സബ് ഓഫീസുകളുടെ വിവരണങ്ങളും മേളയിൽ നിന്നും ലഭിക്കും.
സാമ്പത്തിക വികസനത്തിനായി സ്വയം തൊഴിൽ പദ്ധതി, ടൂൾ കാറ്റ്, വിദേശ തൊഴിൽ സഹായം, സ്വയം സഹായ സംഘങ്ങൾക്കുള്ള ധനസഹായം, അപ്രന്റീസ് നേഴ്സ്, സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവർക്ക് അപ്രന്റീസ്ഷിപ്പ് പരിശീലനം, നിയമസഹായം എന്നിങ്ങനെ വകുപ്പ് മുഖേന നൽകി വരുന്ന നിരവധി ആനുകൂല്യങ്ങളെ ഒരു കുടക്കീഴിൽ അവതരിപ്പിച്ച് ആവശ്യക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയാണ് എന്റെ കേരളം പ്രദർശന മേളയിൽ പട്ടികജാതി വികസന വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

