വയറ്റിൽ തീയിടുന്ന പഴകിയ എണ്ണ; 'ഓപ്പറേഷൻ തെളിമ'യിൽ തട്ടുകടകൾക്കും ഫാസ്റ്റ് ഫുഡുകൾക്കും പൂട്ടു വീണു
text_fieldsതിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമീഷണറുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തെളിമ' എന്ന പേരിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച എട്ടു കടകൾ അടച്ചുപൂട്ടി. പഴകിയ 20 ലീറ്റർ എണ്ണയും പിടികൂടി. ഒട്ടേറെ സ്ഥാപനങ്ങൾക്ക് പിഴയിടാൻ നോട്ടിസ് നൽകി. ആറു സംഘങ്ങളായി തിരിഞ്ഞ് കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന. തട്ടുകടകളും രാത്രി പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് കടകളിലുമായിരുന്നു പരിശോധന.
പലഹാരങ്ങളും മാംസവും പൊരിക്കാനും വറുക്കാനും ഉപയോഗിക്കുന്ന എണ്ണയുടെ പരിശോധനയായിരുന്നു പ്രധാനമായും നടന്നത്. ഇതിനായി സഞ്ചരിക്കുന്ന പരിശോധന സംവിധാനവും എത്തിച്ചിരുന്നു. പുലമൺ എ.എൽ.ബി ബേക്കറി ആൻഡ് ഫ്രൂട്ട്‌സ്, ഡെയ്‌ലി ഫുഡ്‌സ്, ശ്രീദുർഗ, ഇഞ്ചക്കാട് ഹോട്ടൽ ഗ്രാൻഡ്, മൈലം ബൂസ്റ്റർ ചായ, പുലമൺ നന്മ ഫുഡ്‌സ്, കെ.എസ്.ഇ.ബിക്ക് സമീപം മലയാളി കഫേ, മൈലം സോങ് മം ബർഗർ എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്.
പഴകിയ എണ്ണ ഉപയോഗിച്ചതും വൃത്തിയില്ലായ്മയും മറ്റു ക്രമക്കേടുകളും കണ്ടെത്തിയ 11 കടകൾക്ക് പിഴ ഈടാക്കാൻ നോട്ടിസ് നൽകി. ഭക്ഷ്യസുരക്ഷ ജോയിന്റ് കമീഷണർ എസ്. അജി, അസി. കമീഷണർ എ. സക്കീർ ഹൂസൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം, മാനദണ്ഡങ്ങൾ ലംഘിച്ച 74 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. ഉപയോഗയോഗ്യമല്ലാത്ത 1436.4 ലിറ്റർ പാചക എണ്ണ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സെപ്റ്റംബർ 29, 30 തീയതികളിൽ 14 ജില്ലകളിലുമായി 1834 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിലാണ് ഫുഡ് സേഫ്റ്റി ഓഫിസർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധന നടത്തിയത്. വൈകീട്ട് നാലു മുതലായിരുന്നു പരിശോധന. വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാര നിർമാണ യൂനിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധനയും.
എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോഴുണ്ടാകുന്ന ഗുണനിലവാരത്തകർച്ച അളക്കുന്ന 'ടോട്ടൽ പോളാർ കോമ്പൗണ്ട്സ്' (ടി.പി.സി) മീറ്ററുകളും മൊബൈൽ ലബോറട്ടറികളും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. സ്ഥലത്തുവെച്ചുതന്നെ 74 സാമ്പിളുകൾ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയവക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. നിലവിലെ ചട്ടപ്രകാരം ടി.പി.സി 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാൻ പാടില്ല. ഈ അളവ് മറികടന്ന് രാസവിഘടനം സംഭവിച്ച എണ്ണയാണ് പലയിടത്തും ഉപയോഗിച്ചിരുന്നത്. ഇത്തരം എണ്ണ തുടർച്ചയായി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മാനദണ്ഡങ്ങൾ പാലിക്കാത്ത 19 സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള അഡ്ജ്യൂഡിക്കേഷൻ നടപടികൾക്ക് ശിപാർശ ചെയ്തു. പോരായ്മകൾ പരിഹരിക്കാൻ 147 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ്/റെക്റ്റിഫിക്കേഷൻ നോട്ടീസും നൽകിയിട്ടുണ്ട്. വലിയ അളവിൽ പാചക എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എണ്ണയുടെ ഉപയോഗവും നിർമാർജനവും സംബന്ധിച്ച രേഖകൾ സൂക്ഷിക്കണമെന്നും ഉപയോഗിച്ച എണ്ണ ബയോഡീസൽ നിർമാണത്തിനായി അംഗീകൃത ഏജൻസികൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

