വന്ദേഭാരത് ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; സ്ഥാപനം അടച്ചുപൂട്ടി
text_fieldsകൊച്ചി: വന്ദേഭാരത് ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. എറണാകുളം കടവന്ത്രയിൽ സ്വകാര്യ വ്യക്തി കരാർ എടുത്ത് നടത്തുന്ന സ്ഥാപനത്തിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകളിൽ ഇവിടെ നിന്നാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്.
കോർപറേഷൻ ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് മലിനജലം ഒഴുക്കിവിടുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധന നടത്തിയത്. ഇതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. റെയിൽവേ കാന്റീനിലേക്ക് ഭക്ഷണം നൽകുന്ന സ്ഥാപനമാണ് ഇതെന്നും അധികൃതർ അറിയിച്ചു.
വന്ദേഭാരത് ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള ഗ്ലാസുകളും ബോക്സുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പും സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിരുന്നു. ഈ സ്ഥാപനത്തിൽ നിന്നും തോട്ടിലേക്ക് ജലം ഒഴുക്കിവിട്ടതിനെ തുടർന്നാണ് നാട്ടുകാർ പരാതി നൽകിയത്. തുടർന്ന് സ്ഥാപനത്തിൽ കോർപറേഷൻ അധികൃതർ പരിശോധന നടത്തുകയും 10,000 രൂപ പിഴയിടുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിന് ശേഷവും തോട്ടിലേക്ക് ജലം ഒഴുക്കി വിടുന്നത് ആവർത്തിച്ചതോടെയാണ് സ്ഥാപനത്തിൽ വീണ്ടും പരിശോധന നടത്തുകയും അടച്ചുപൂട്ടാൻ തീരുമാനിക്കുകയും ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.