Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഓഫിസ്​ പ്രവൃത്തിസമയത്ത്​ പൂർണമായും സീറ്റിലുണ്ടാകണമെന്ന്​ ജീവനക്കാരോട്​ മുഖ്യമന്ത്രി
cancel
Homechevron_rightNewschevron_rightKeralachevron_rightഓഫിസ്​...

ഓഫിസ്​ പ്രവൃത്തിസമയത്ത്​ പൂർണമായും സീറ്റിലുണ്ടാകണമെന്ന്​ ജീവനക്കാരോട്​ മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: ഓഫിസ് പ്രവൃത്തിസമയങ്ങളിൽ ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെബിനാറിലൂടെ ജീവനക്കാരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മാറുന്നതോടെ കൃത്യനിഷ്ഠ ഉറപ്പാക്കാൻ ബയോമെട്രിക് പഞ്ചിങ്​ സംവിധാനം കൂടുതൽ ഓഫിസുകളിലേക്ക് വ്യാപിപ്പിക്കും. ഫയലുകൾ കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥൻ ഓഫിസിൽ ഹാജരില്ലെന്നത് ആ സെക്​ഷനിലെ ഫയൽ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താൽ ഒരു ദിവസം പോലും ജനസേവനം മുടങ്ങാൻ പാടില്ല.

മനഃപൂർവം നൂലാമാലകൾ സൃഷ്​ടിച്ച് ഫയൽ താമസിപ്പിക്കുന്ന മനോഭാവവും പൂർണമായി മാറിയിട്ടില്ല. സഹപ്രവർത്തകരോടു​പോലും ഇതാണ് മനോഭാവം. ഫയൽ തീർപ്പാക്കലിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവെക്കുക, ഇഷ്​ടക്കാർക്കുവേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുക, പ്രധാനപ്പെട്ട സീറ്റുകൾ നൽകാൻ പാരിതോഷികം സ്വീകരിക്കുക തുടങ്ങി പുരോഗമന സ്വഭാവമുള്ള, കേരളത്തിന് യോജിക്കാത്ത നടപടികളാണ് ചില ഓഫിസുകൾ കേന്ദ്രീകരിച്ച്​ നടക്കുന്നത്.

ഒരു ചെറുവിഭാഗം സിവിൽ സർവിസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതകളിൽ ഏർപ്പെടുന്നുണ്ട്. ചിലർ നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ കൈപ്പറ്റുന്നുണ്ടാകില്ല. പക്ഷേ, സർക്കാർ ഫണ്ട് ചോർന്നുപോകാനും അത് അനർഹമായ ഇടങ്ങളിൽ ചെന്നുചേരാനും അവർ മൂകസാക്ഷികളാകും. ഇത്​ അഴിമതിയാണ്. പദ്ധതികൾക്ക് വകയിരുത്തുന്ന ഫണ്ട് ചില്ലിക്കാശുപോലും നഷ്​ടമാകാതെ നിർദിഷ്​ട കാര്യത്തിനായി മാത്രം ചെലവഴിക്കുന്നെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.

എല്ലാ ഓഫിസുകളിലും ഫ്രണ്ട് ഓഫിസ് സംവിധാനം വേണം. ഓഫിസിൽ എത്തുന്നവരോട്​ മാന്യമായി പെരുമാറുകയും ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കുകയും വേണം. ജീവനക്കാരാകെ സ്മാർട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥർ വലിയ സുഖസൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസ്സിൽ നിന്ന്​ മാറ്റി, ജനങ്ങൾക്കുവേണ്ടി കർമനിരതരാണെന്ന ചിന്ത സൃഷ്​ടിക്കാനാകണം. നികുതിപ്പണത്തിെൻറ ആനുകൂല്യങ്ങൾ പറ്റുന്നവരല്ല, കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നതെന്ന തോന്നൽ ജീവനക്കാരെക്കുറിച്ച് പൊതുവിലുണ്ടാകണം.

ഭരണപരിഷ്‌കാര കമീഷ​െൻറ റിപ്പോർട്ടിലെ ശിപാർശകൾ സമയബന്ധിതമായി നടപ്പാക്കുന്നതിന്​ പ്രത്യേക സംവിധാനമുണ്ടാക്കും. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് നിലവിലെ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:officePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Staff should be fully seated during office hours - CM
Next Story