'കുടപ്പെരുമ' ജീവിതശീലമാക്കിയ സെൻറ് ജോർജ് ബേബി
text_fieldsആലപ്പുഴയിലെ സ്ഥാപനത്തിന് മുന്നിൽ കുടചൂടിനിൽക്കുന്ന േപാപ്പി അംബ്രല്ല സ്ഥാപകൻ ടി.വി. സ്കറിയ
ആലപ്പുഴ: പെരുമഴക്കാലത്ത് പരസ്യത്തിലും കുടനിർമാണത്തിലും നൂനതമാറ്റത്തിലൂടെ മലയാളികളെ കുടപിടിപ്പിച്ച ആലപ്പുഴ പോപ്പി അംബ്രല്ല ഉടമ സെൻറ് ജോർജ് ബേബിയുടെ (ടി.വി സ്കറിയ) ജീവിതവും 'കുട'ക്കീഴിലായിരുന്നു. ഒരുകാലത്ത് പോപ്പിക്കുടയുടെ പരസ്യവാചകമായ ''വടികൊണ്ടു തല്ലല്ലേ സാറേ, പോപ്പിക്കുടകൊണ്ട് തല്ലിക്കോ വേണേ''എന്നത് മലയാളികൾ ഏറ്റുപാടിയ ഗാനം സിനിമാപ്പാട്ടിലും ഹിറ്റായിരുന്നു.
ആ പരസ്യചിത്രം സംവിധാനിച്ച മാത്യു പോളിെൻറ മനസ്സറിഞ്ഞ് അന്ന് കുടപിടിച്ചതും ഉടമതന്നെയാണ്. ദൂരദർശനിൽ നിറഞ്ഞുനിന്ന ''മഴ, മഴ... കുട, കുട... മഴ വന്നാല് പോപ്പി കുട...''ഈ പരസ്യവും മലയാളികളുടെ മനസ്സിൽനിന്ന് ഒരിക്കലും മായില്ല. പിന്നീട് കുട്ടിമനസ്സിൽ സ്ഥാനം പിടിക്കാൻ ദിനംപ്രതി പുതിയ കൗതുകങ്ങൾ നിറച്ചാണ് 'പോപ്പി' കുട വിപണിയിൽ സജീവമായത്.
പൂക്കളും പഴങ്ങളും വിദേശരാജ്യങ്ങളിലെ കഥാപാത്രങ്ങളും ബാറ്റും പന്തും മിക്കിമൗസും ഡോണാൾഡ് ഡക്കുമൊക്കെ കുടയുടെ ശീലങ്ങളായി മാറി. പിന്നീട് വിസിലും കളിക്കോപ്പുകളും വെള്ളംചീറ്റിച്ചും കുട്ടികളെ കൂടെകൂട്ടി. ഒടുവിൽ സ്ത്രീകളുടെ ബാഗിൽ ഒതുങ്ങുന്ന ഫൈവ്ഫോൾഡ് മുതൽ ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനും ഒക്കെയുള്ള നൂനതമാറ്റങ്ങളാണ് അവതരിപ്പിച്ചത്. ഇതിലൂടെ കേരളത്തിൽ കുടയുടെ പേര് 'പോപ്പി' എന്ന അപരനാമമാക്കിയ കഠിനാധ്വാനിയായ വ്യവസായി കൂടിയായിരുന്നു സെൻറ് ജോർജ് ബേബി.
ബേബിയുടെ നിർബന്ധബുദ്ധിയിലാണ് മലയാളത്തിൽ വേറിട്ടതും സൗന്ദര്യമൂല്യമുള്ള കുടപരസ്യങ്ങൾക്ക് തുടക്കമിട്ടത്. എം.ബി.എക്ക് കുടനിർമാണ യൂനിറ്റിനെക്കുറിച്ച് പഠിച്ച് പ്രബന്ധം തയാറാക്കിയ ബേബിയുടെ മൂത്തമകൻ ഡേവിസ് തയ്യിൽ പോപ്പിയിലെ പുതുമയുടെ അടയാളമാണ്. സെൻറ് ജോർജ് കുടക്കമ്പനിയെ പടുത്തുയർത്തിയ ബേബിയുടെ രണ്ടാമത്തെ മകെൻറ പേരോടുകുടിയ പുതിയ കുടക്കമ്പനിയുടെ പേരാണ് 'പോപ്പി' എന്നത്. ഇതിെൻറ വിജയചരിത്രം ആരംഭിക്കുന്നത് സെൻറ് ജോർജ് കുടകൾക്കും മുമ്പാണ്.
കാസിം കരീം സേട്ടിെൻറ കുടനിർമാണ കമ്പനിയിൽ ജോലിക്കാരനായ 'കുടവാവച്ചൻ' എന്ന തയ്യിൽ എബ്രഹാം വർഗീസില്നിന്നാണ് അതിെൻറ തുടക്കം. വാവച്ചൻ 1954 ആഗസ്റ്റ് 17ന് സ്വന്തമായി സെൻറ് ജോർജ് കുടക്കമ്പനി തുടങ്ങി. ആലപ്പുഴ ടൗണിൽ വാടകക്കെട്ടിടത്തിൽ ഒമ്പത് ജോലിക്കാരുമായി തുടങ്ങിയ സെൻറ് ജോർജ് കുട ആദ്യവർഷം 500 ഡസനാണ് വിറ്റുപോയത്.
41 വർഷങ്ങൾക്ക് ശേഷം മറ്റൊരു ആഗസ്റ്റ് 17നാണ് സെൻറ് ജോർജ് കുടക്ക് പൂട്ടുവീഴുന്നത്. പിന്നീട് സെൻറ് ജോർജിെൻറ പാരമ്പര്യത്തിൽ പോപ്പിയും ജോൺസും പിറവിയെടുത്തു. പണിശാലയിലെ ജോലിക്കാരോടൊപ്പമിരുന്ന് അവരോട് മത്സരിച്ച് കുടയുണ്ടാക്കിയിരുന്ന ചെറുപ്പകാലമായിരുന്നു ബേബിയുടേത്. ആ കരുതലും സൂക്ഷ്മദൃഷ്ടിയുമാണ് പിൽക്കാലത്ത് പോപ്പിയെ വലിയ ബ്രാൻഡാക്കി മാറ്റിയത്.