എസ്.എസ്.എൽ.സി ഫലം; ചോദ്യവും പുസ്തകവും മാറി, എ പ്ലസ് കുറഞ്ഞു
text_fieldsസംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ എസ്.എസ്.എൽ.സി പരീക്ഷക്കിരുത്തി നൂറുമേനി വിജയം കരസ്ഥമാക്കിയ മലപ്പുറം കോട്ടക്കലിലെ എ. കെ.എം.എച്ച്.എസ് കോട്ടൂർ സ്കൂളിലെ ആഹ്ലാദം
തിരുവനന്തപുരം: പുസ്തകവും ചോദ്യരീതിയും മാറ്റി പരീക്ഷിച്ച ആദ്യ എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസുകാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷം 61,449 പേർ എ പ്ലസ് നേട്ടത്തിലെത്തിയപ്പോൾ ഇത്തവണ 30,514 ആയി. പരീക്ഷാ ചോദ്യങ്ങളിൽ 30 ശതമാനം എളുപ്പമുള്ളതും 50 ശതമാനം ശരാശരി നിലവാരത്തിലും 20 ശതമാനം കടുപ്പമുള്ളതുമാക്കിയാണ് പാറ്റേൺ പരിഷ്ക്കരിച്ചത്.
കടുപ്പമുള്ള ചോദ്യങ്ങൾക്കുകൂടി ശരി ഉത്തരമെഴുതുന്നവർക്ക് മാത്രം മികവിന്‍റെ ഗ്രേഡായ എ പ്ലസ് നേടാൻ കഴിയുന്ന രീതിയിലേക്കാണ് മാറ്റിയത്. നേരത്തെ ചോദ്യങ്ങൾ ശരാശരി നിലവാരത്തിനപ്പുറം പോകാത്തതിനാൽ എ പ്ലസുകാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരുന്നത്. ഇത് മികവുള്ളവരെ തിരിച്ചറിയുന്നതിലും പ്ലസ് വൺ പ്രവേശനത്തിലും ഉൾപ്പെടെ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി.
തുടർന്ന് എസ്.സി.ഇ.ആർ.ടി തയാറാക്കിയ പരിഷ്കരിച്ച പാറ്റേണിലുള്ള ചോദ്യരീതി പാദ, അർധവാർഷിക പരീക്ഷകളിൽ നടപ്പാക്കിയശേഷമാണ് എസ്.എസ്.എൽ.സി പരീക്ഷയിലും നടപ്പാക്കിയത്. 2015ൽ 15,430 പേർക്കാണ് എ പ്ലസ് ലഭിച്ചതെങ്കിൽ 2020ൽ ഇത് 41,906 ആയി ഉയർന്നു. എന്നാൽ 2021ൽ കോവിഡ് കാലത്ത് ഫോക്കസ് ഏരിയ പഠന സമ്പ്രദായവും ഉദാര മൂല്യനിർണയവും നടപ്പാക്കിയപ്പോൾ 1,25,509 ആയി ഉയർന്നു. പെരുപ്പിച്ച പരീക്ഷാഫലമെന്ന വിലയിരുത്തലിൽ ഇത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
പിന്നീടാണ് ഗുണനിലവാരം ഉറപ്പാക്കൽ ശ്രമങ്ങളുടെ ഭാഗമായി ചോദ്യപേപ്പർ പാറ്റേണിൽ മാറ്റം കൊണ്ടുവന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിൽ പാഠപുസ്തകം മാറിയ ശേഷമുള്ള ആദ്യ എസ്.എസ്.എൽ.സി പരീക്ഷ കൂടിയായിരുന്നു ഇത്തവണത്തേത്. ഇതും ചെറിയ അളവിൽ എ പ്ലസ് കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. ശതമാനത്തിലും എ പ്ലസിലുമുണ്ടായ കുറവിന് കാരണം കണ്ടെത്താൻ പരീക്ഷാഫലം വിലയിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

